plan

പത്തനംതിട്ട : നീണ്ട എട്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പ്ലാനിംഗ് ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. നവംബറിൽ ഉദ്ഘാടനം നടത്താനായി അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്. ആറ് നിലകളിലായാണ് പ്ലാനിംഗ് ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാംനിലയുടെ പകുതിയും പാർക്കിംഗിന് നൽകും. തുടർന്നുളള മൂന്നുനിലകൾ ഓഫീസുകൾക്ക് ഉപയോഗിക്കും. പ്ലാനിംഗ് ഓഫീസ്, ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ്, എക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവ ചേരുന്നതാണ് പ്ലാനിംഗ് വിഭാഗം. ഇപ്പോൾ പ്ലാനിംഗ് ഓഫീസ് കളക്ടറേറ്റിലും ബാക്കി രണ്ടുവിഭാഗങ്ങൾ മിനി സിവിൽ സ്റ്റേഷനിലുമാണ് പ്രവർത്തിക്കുന്നത്.

8.25 കോടിയിൽ തുടങ്ങി

11 കോടിയിൽ അവസാനിപ്പിച്ചു

തുടക്കത്തിൽ 8.25 കോടിയായിരുന്നു എസ്റ്റിമേറ്റ് തുക. ശേഷം 10.46 കോടി രൂപയായി വർദ്ധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ വൺ ടൈം എ.എസ്.എ പദ്ധതി പ്രകാരമുള്ള ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. 2015 നവംബറിൽ സ്ഥലം കൈമാറ്റം നടത്തി തറക്കല്ലിട്ട ഓഫീസ് കെട്ടിടത്തിന്റെ പണി ആരംഭിച്ചത് 2016 ജനുവരിയിലാണ്. 2017 മാർച്ചിന് മുമ്പായി പണി തീർക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ക്വാറി ഉല്പന്നങ്ങളുടെ ക്ഷാമം തിരിച്ചടിയായി. വീണ്ടും കാലാവധി നീട്ടി നല്കി. അതോടെ നിർമ്മാണം വീണ്ടും നീളുകയായിരുന്നു. പണി അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ 11 കോടിയോളം ചെലവായി.

ആകെ എസ്റ്റിമേറ്റ് തുക : 11 കോടി

നവംബർ ഒന്നിന് പ്ലാനിംഗ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തും. അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. വൈദ്യുതി കണക്ഷന് അപേക്ഷ നൽകിയിട്ടുണ്ട്. പെയിന്റിംഗ് ജോലികൾ പുരോഗമിക്കുന്നു.

പ്ലാനിംഗ് ഓഫീസ് അധികൃതർ