teak-

കോന്നി : ക്ഷേത്രങ്ങളിലെ കൊടിമരമായും ശ്രീകോവിലുകളായും രൂപംമാറി കോന്നിയിലെ തേക്കുമരങ്ങൾ ആത്മീയ നിയോഗത്തിന്റെ ധന്യതയിലാണ്. കോന്നി വനംഡിവിഷനിലെ നടുവത്തുംമുഴി റേഞ്ചിലെ കല്ലേലി വയക്കരയിൽ 1951ൽ പ്ലാന്റ് ചെയ്ത തേക്കുതോട്ടങ്ങളിലെ തടികളും കോന്നി റേഞ്ചിലെ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലെ തേക്കുതടികളുമാണ് ക്ഷേത്രകൊടിമര നിർമ്മാണത്തിനായി കൊണ്ടുപോകുന്നത്. 2015ൽ ശബരിമല ക്ഷേത്രത്തിൽ സ്വർണക്കൊടിമരം നിർമ്മിക്കാൻ തേക്കുതടി ഇവിടെ നിന്നുമാണ് കൊണ്ടുപോയത്. 2017 ലാണ് നിർമ്മാണം പൂർത്തിയായത്.

കോന്നി തേക്ക് ഉപയോഗിച്ച ക്ഷേത്രങ്ങൾ

ശബരിമല, തമിഴ്നാട്ടിലെ കോവിൽപെട്ടി അയ്യപ്പക്ഷേത്രം, ആലപ്പുഴ വെങ്കിടാചലപതി ക്ഷേത്രം, ഇടപ്പള്ളി അഞ്ചുമന ദേവീക്ഷേത്രം, ബംഗളൂരു ധർമ്മശാസ്താ ക്ഷേത്രം, കന്യാകുമാരി അരുൾ വിനായക ക്ഷേത്രം, തഞ്ചാവൂർ ക്ഷേത്രം, കോയമ്പത്തൂർ അയ്യപ്പ വിനായക ക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം, കണിച്ചുകുളങ്ങര ദേവീക്ഷേത്രം, മങ്കൊമ്പ് ഭഗവതി ക്ഷേത്രം, മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം, തൃച്ഛേദമംഗലം മഹാദേവക്ഷേത്രം, തമിഴ്നാട് കുംഭകോണം വെങ്കിടാചലപതി ക്ഷേത്രം, തൂത്തുക്കുടി കോവിൽപെട്ടി അയ്യപ്പക്ഷേത്രം, പൊൻമേരി ശിവക്ഷേത്രം, പുന്നല ശ്രീകണ്ഠപുരം ശിവക്ഷേത്രം, ആലുവ ചൊവ്വര ക്ഷേത്രം.

ആചാരപ്രകാരം മരംമുറി

കൊടിമര നിർമ്മാണത്തിന് തേക്കുതടി മുറിക്കുന്നതിനു മുൻപ് ഉടമയ്ക്ക് പ്രതിഫലവും സമ്മാനവും ക്ഷേത്ര കമ്മിറ്റിയുടെ ഭാരവാഹികൾ നൽകും. തലേന്ന് രാത്രി ആചാര്യൻ വനത്തിൽ പ്രവേശിച്ച് മരത്തിന്റെ ചുവട്ടിൽ കിടന്നുറങ്ങും. മരം മുറിക്കുന്നതിന് മരത്തിന്റെ അനുവാദം വാങ്ങണം. ദേവതകൾക്കും ഭൂതഗണങ്ങൾക്കും ബലി നൽകും. മരത്തെ ആശ്രയിച്ച് കഴിയുന്ന പക്ഷികളുടെയും മറ്റു ജീവജാലങ്ങളുടെയും അനുവാദവും വാങ്ങും. സമീപത്തെ മറ്റ് വൃക്ഷങ്ങളുടെയും അനുമതി വാങ്ങും. വൃക്ഷപൂജ കഴിഞ്ഞാൽ ശില്പി ആചാര്യനിൽ നിന്ന് ആയുധം വാങ്ങി ക്രിയാപൂജകൾ നടത്തി മരത്തിന്റെ കിഴക്ക് ഭാഗം ആദ്യം മുറിക്കും. ആദ്യത്തെ പൂൾ തെറിച്ചുവീഴുന്നതിന്റെ ലക്ഷണം നോക്കി ശകുനപ്രകാരം പരിഹാരം വേണമെങ്കിൽ നടത്തി വൃക്ഷം മുറിക്കണം. കൊമ്പുകൾ മുറിച്ച ശേഷം മരം നിലംതൊടാതെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിൽ എത്തിക്കും. തുടർന്ന് വൃക്ഷം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും.