1

മല്ലപ്പള്ളി: കനത്തമഴയിലും കാറ്റിലും മരം കടപുഴകിവീണ് ആറ് വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു. കോട്ടാങ്ങൽ -പാടിമൺ റോഡിൽ വായ്പൂര് ഹയർസെക്കൻഡറി സ്കൂളിനും വൈദ്യശാലപ്പടിക്കും ഇടയിൽ ഇന്നലെ രാവിലെ ഒൻപതുമണിയോയെയായിരുന്നു സംഭവം. സ്വകാര്യപുരയിടത്തിലെ പ്ലാവ് കനത്ത മഴയേത്തുടർന്ന് പാതയ്ക്കു കുറുകെ വൈദ്യുതി കമ്പികൾക്ക് മുകളിലേക്ക് കടപുഴകുകയായിരുന്നു. തുടർന്ന് എബി.സി കേബിളും 11കെവി ലൈനും കടന്നു പോകുന്ന 6 വൈദ്യുതിത്തൂണുകൾനിലംപതിച്ചു. പൊതു അവധി ദിവസമായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി സ്കൂളിലേക്ക് എത്തുന്നത്. മരം കടപുഴകിയ സമയം ഇതുവഴിയെത്തിയ എരുമേലി സ്വദേശികളായ കാർയത്രികർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സ്ഥലത്ത് മൂന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.അഗ്നിരക്ഷാസേനയെത്തി മരം മുറിച്ച് നീക്കം ചെയ്ത ശേഷമാണ്ഗതാഗതം പുനസ്ഥാപിക്കാനായത്.