ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിക്ക് പമ്പയിൽ ആറാട്ട് . ഇന്നലെ രാവിലെ 6.30ന് തൃപ്പൂത്ത് തറയിൽ നിന്ന് ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേക്ക് എഴുന്നള്ളിച്ചു.തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു.ചടങ്ങുകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തി.വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു അഭിഷേകവും ശേഷം നിവേദ്യവും നടത്തി. 8 ന് ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്ന് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. അന്നദാന വിതരണവും നടന്നു .ആറാട്ടിനു ശേഷം 12 ദിവസം ഭക്തർക്ക് പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആറന്മുള ദേവസ്വം അസി: കമ്മിഷണർ ജി.പ്രകാശ് ,ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.രേവതി, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.