1
നവീകരണം നിലച്ച വെണ്ണിക്കുളം വാലാങ്കര- അയിരൂർ റോഡിൽ മുതുപാല ജംഗ്ഷന് സമീപത്തെ കുഴികളിൽ വെള്ളം കെട്ടി നിൽക്കുന്നു.

മല്ലപ്പള്ളി: നവീകരണം പാതിവഴിയിൽ നിലച്ച വാലാങ്കര - അയിരൂർ റോഡിലെ വെള്ളക്കെട്ടും, കഴികളും വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു. മുതുപാല ജംഗ്ഷനിൽ മഴ പെയ്താൽ മണിമലയാറ്റിലെ ജലനിരപ്പിന് സമാനമായനിലയിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇവിടെ ഒരു മാസത്തിനിടയിൽ അഞ്ച് ഇരുചക്ര വാഹന യാത്രികർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മുതുപാല സ്വദേശികളയായ ജെറിൻ, ഭാര്യ പ്രീതി എന്നിവർക്കും ചുഴന സ്വദേശികളായ വൃദ്ധ ദമ്പതികൾക്കും, പാഴ്സൽ സർവീസുമായി എത്തിയ മല്ലപ്പള്ളി സ്വദേശിയ യുവാവ് രോഹിത്തിനുമാണ് പരിക്കേറ്റത്. 500 മീറ്ററോളം ദൂരത്തിൽ ഒട്ടേറെ താഴ്ചയുള്ള കുഴികളായതിനാൽ തുടർച്ചയായി പെയ്യുന്ന മഴ മൂലം കുഴികളുടെ വ്യാപ്തി തിരിച്ചറിയാൻ യാത്രക്കാർക്ക് സാധിക്കില്ല. നിർമ്മാണം നടക്കാത്ത പലയിടങ്ങളിലും ചെളിവെള്ളം ദിവസങ്ങളോളം കെട്ടിക്കിടക്കുന്നത് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളുടെ യാത്ര ദുരിതത്തിലായിരിക്കുകയാണ്. വെള്ളക്കെട്ട് കാൽനട യാത്രക്കാർക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു.നവീകരണത്തിന്റെ ഭാഗമായി നേരത്തെ ഉണ്ടായിരുന്ന കലുങ്ക് പുനരുദ്ധരിക്കുകയോ പുതിയത് നിർമ്മിക്കും ചെയ്തിട്ടില്ല. പിച്ചാത്തി കല്ലുകല്ലുങ്കൽ മലയിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് കെട്ടിക്കിടക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി ഡബ്ല്യു.എം.എം നിരത്തി ഉറപ്പിച്ചെങ്കിലും ഇപ്പോൾ ഇതൊന്നും കാണാനില്ല. എട്ടു കിലോമീറ്ററോളം ദൈർഘ്യമുള്ള റോഡിൽ ടാറിംഗിന്റെ ആദ്യപാളിയായ ബി.എം ഉറപ്പിച്ചിട്ട് ഒരു വർഷത്തിലേറെയായി.റോഡ് നവീകരണത്തിന് 19.59 കോടി രൂപയായിരുന്നു നേരത്തെ അനുവദിച്ചിരുന്നത് പിന്നീട് തുക 22.76 കോടിയായി വർദ്ധിപ്പിച്ചെങ്കിലും നവീകരണം പൂർത്തിയാക്കാനായിട്ടില്ല.

.......................................

നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ ടാറിംഗ് നടത്താതിരുന്ന ഭാഗങ്ങളിലാണ് വലിയ ഗർത്തങ്ങളും ചെളിക്കുഴികളും രൂപപ്പെട്ടിരിക്കുന്നത്. ഒരു വർഷത്തിലേറെയായി നവീകരണം നിലച്ച റോഡിന്റെ പല ഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞിട്ടും അധികൃതർ തുടർനടപടി സ്വീകരിക്കാത്തത് കരാറുകാരനുമായി ചേർന്ന് നടത്തുന്ന അഴിമതിയാണ്.

മുഹമ്മദ് മുബാഷ്

(മുതുപാല സ്വദേശി)​

................................

റോഡിന് 8 കി.മീറ്റർ ദൈർഘ്യം

500 മീറ്റർ ദൂരത്തിൽ കുഴികൾ