news-
കേരളകൗമുദി റിപ്പോർട്ട് ചെയ്ത വാർത്ത

കോന്നി: അട്ടച്ചാക്കൽ കുമ്പളാം പൊയ്‌ക റോഡിൽ രാവിലെയും വൈകിട്ടും സ്കൂൾ സമയങ്ങളിൽ ടിപ്പർ, ടോർസ് ലോറികൾ ഓടുന്ന പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചു. സമീപത്തെ പാറമടകളിൽ നിന്നും ലോഡ് കയറ്റി വരുന്ന ടിപ്പർ, ടോർസ് ലോറികൾ ചെങ്ങറ, നാടുകാണി, അട്ടച്ചാക്കൽ എന്നിവിടങ്ങളിൽ വഴിയാത്രക്കാർക്കും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും ഭീഷണിയായി മാറുന്ന വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. സ്കൂൾ സമയങ്ങളിൽ അമിതവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ പ്രദേശത്തെ കുട്ടികളെ സ്കൂൾ ബസുകളിൽ കയറ്റിവിടാൻ നിൽക്കുന്ന രക്ഷിതാക്കൾക്കും ഭയപ്പാടിലായിരുന്നു . ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ മോട്ടോർ വാഹന വകുപ്പ് നടത്തി പരിശോധനയിൽ നിയമലംഘനം കണ്ടെത്തുകയും 38000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് ഇപ്പോൾ രാവിലെയും വൈകിട്ടും മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ നടക്കുന്നുണ്ട്. ഇവിടെ പാസ് ഇല്ലാതെയും അമിതഭാരം കയറ്റിയും ഓടുന്ന ടിപ്പർ ലോറികളും ഉണ്ടായിരുന്നു. പ്രദേശം കോന്നി, മലയാലപ്പുഴ പഞ്ചായത്തുകളുടെ ഉൾപ്രദേശങ്ങൾ ആയതിനാൽ മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ മുൻപ് ഇവിടെ കുറവായിരുന്നു.

.............................

ഇത് സംബന്ധിച്ച് പൊലീസിനും മോട്ടോർ വാഹന വകുപ്പിനും വിവരം കൈമാറിയിരുന്നു.

ആനി സാബു

( പ്രസിഡന്റ്

കോന്നി പഞ്ചായത്ത് )​

................................

കഴിഞ്ഞ ദിവസങ്ങളിൽ ടിപ്പർ ടോർസ് ലോറികളുടെ നിയമലംഘനം കണ്ടെത്തി പിഴ ഈടാക്കിയിട്ടുണ്ട്. ക്വാറി ഉടമകളോടും വൈകിട്ട് 5 ന് മുൻപ് പുറത്തേക്ക് വാഹനങ്ങൾ വിടരുതെന്ന് നിർദ്ദേശം കൊടുത്തിട്ടുണ്ട്.

ഡി ദീപു

( ജോയിന്റ് ആർ.ടി.ഒ കോന്നി )