പത്തനംതിട്ട : കൃഷ്ണനെതിരെ കള്ളനെന്നും ദുഷ്ടനെന്നും വിളിച്ച് ദുഷ്പ്രചരണം നടത്തിയതുപോലെ തനിക്കെതിരെ ബംഗാൾ മുഖ്യമന്ത്രിയും കള്ളപ്രചരണം നടത്തുകയാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് പറഞ്ഞു. ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തിലെ എല്ലാ ദുർഘട ഘട്ടങ്ങളും തരണം ചെയ്ത ആളാണ് ശ്രീകൃഷ്ണൻ. ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് ഉയരുകയാണ്. അതിന് കാരണം നരേന്ദ്രനെന്ന തേരാളിയാണ്. ബാലഗോകുലത്തിലെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 10 വിദ്യാർത്ഥികൾക്ക് പതിനായിരും രൂപയും ഫലകവും ഉൾപ്പെടുന്ന അവാർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.പി ലിപിൻരാജ് മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം സംസ്ഥാന പൊതു കാര്യദർശി കെ.എൻ. സജികുമാർ, സ്വാഗതസംഘം ജനറൽ കൺവീനർ അരുൺ മോഹൻ, മേഖലാ കാര്യദർശി അനൂപ്കുമാർ ഇടപ്പാവൂർ എന്നിവർ പ്രസംഗിച്ചു.