തിരുവല്ല : ജല അതോറിറ്റിയുടെ പമ്പിംഗ് ലൈൻ പൊട്ടി റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. നെല്ലാട് - കല്ലിശ്ശേരി റോഡിലെ തോട്ടപ്പുഴയിലാണ് തകർച്ച. മൂന്ന്, നാല് ഇഞ്ച് വലുപ്പത്തിലുള്ള രണ്ട് പൈപ്പുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിൽ കാലപ്പഴക്കമുള്ള ആസ്ബറ്റോസ് സിമന്റ് പൈപ്പാണ് പൊട്ടിയത്. ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് റോഡിൻറെ മധ്യഭാഗത്ത് കുഴി രൂപപ്പെട്ടതിനാൽ ഒരു വശത്തുകൂടിയാണ് ഗതാഗതം. ജല അതോറിറ്റി അധികൃതർ എത്തി പമ്പിംഗ് നിറുത്തിവച്ചു. മുന്നറിയിപ്പ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്. ഒന്നര മീറ്ററോളം താഴ്ചയിലാണ് പൈപ്പ്‍ ലൈൻ കടന്നുപോകുന്നത്. ഇന്ന് എത്തിച്ച് അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.