കോഴഞ്ചേരി : പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്‌സിന്റെ നേതൃത്വത്തിൽ മത്സ്യകർഷക സംഗമത്തോടെ ദേശീയ മത്സ്യകർഷക ദിനാചരണം നടത്തി. മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. ഡോ.പി.എസ്.അനിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനതലത്തിലുള്ള മത്സ്യകർഷക ദിനാചരണത്തിന്റെ ലൈവ് വീഡിയോയും പ്രദർശിപ്പിച്ചു. മത്സ്യങ്ങളിലെ പ്രേരിത പ്രജനന സമ്പ്രദായത്തിലൂടെ ഇന്ത്യൻ മത്സ്യകൃഷി മേഖലയിൽ വിപ്ലകരമായ മാറ്റം സൃഷ്ടിച്ചതിന്റെ ഓർമ പുതുക്കുന്നതിനായാണ് ജൂലൈ 10 ദേശീയ മത്സ്യകർഷക ദിനാചരണമായി നടത്തുന്നത്. അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ലൂസി ഇഗ്‌നേഷ്യസ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജീന ഗോപിനാഥ് എന്നിവർ പങ്കെടുത്തു.