പ്രമാടം : പ്രമാടം കുടിവെള്ള പദ്ധതിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് അച്ചൻകോവിലാറ്റിലെ വ്യാഴി കടവിൽ തടയണ നിർമ്മിക്കും. ഇതിനുള്ള നടപടി ക്രമങ്ങൾ തുടങ്ങി. മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയായാണ് ഇതിനുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ മറൂർ പമ്പ് ഹൗസിൽ നിന്നാണ് പമ്പിംഗ്. വ്യാഴിയിൽ തടയണ നിർമ്മിക്കുന്നതോടെ ഇവിടെ നിന്നും പമ്പിംഗ് തുടങ്ങും. വേനൽ കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന പഞ്ചായത്താണിത്. 19 വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രമാടത്ത്അൻപതിനായിരത്തിൽ കൂടുതൽ ജനസംഖ്യയുണ്ട്. അച്ചൻകോവിലാറ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴ സമയത്ത് പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന മുണ്ടയ്ക്കാമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളും ഇവിടെയുണ്ട്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ പുതിയ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്. ഇതിന് സമീപത്തായാണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. ഇതിന് പുറമെ വ്യാഴി കടവിൽ നിന്നും പമ്പിംഗ് തുടങ്ങുന്നതോടെ ടാങ്കുകളിലേക്ക് ആവശ്യാനുസരണം വേഗത്തിൽ വെള്ളം എത്തിക്കാൻ കഴിയും.
102.8 കോടി രൂപയുടെ പദ്ധതി
*തടയണവും കിണറും നിർമ്മിക്കും
*പുതിയ ടാങ്കുകൾ നിർമ്മിക്കും
*വേനൽക്കാലത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്ത്