പത്തനംതിട്ട : ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ കനത്ത കാറ്റിലും മഴയിലും മരങ്ങൾ നിലംപൊത്തി വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും നാശം. കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി, അടൂർ, കോന്നി താലൂക്കുകളിൽ 18 വീടുകൾ ഭാഗികമായി തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. പ്രധാന പാതകളിലും ഗ്രാമീണ റോഡുകളിലും ഗതാഗതം മുടങ്ങി. ആളപായമുണ്ടായില്ല.
കെ.എസ്.ഇ.ബി പത്തനംതിട്ട സെക്ഷൻ പരിധിയിൽ 18 വൈദ്യുതി പോസ്റ്റുകൾ മറിഞ്ഞു. 20 സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണു. അഗ്നിരക്ഷാ സേനയെത്തി മരങ്ങൾ അറുത്തുമാറ്റിയും കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കമ്പികൾ അഴിച്ചുമാറ്റിയും ഗതാഗതം പുന:സ്ഥാപിച്ചു.
ഭാഗികമായി തകർന്ന വീടുകളുടെ എണ്ണം
മല്ലപ്പള്ളി : 8
റാന്നി : 3
കോന്നി : 2
കോഴഞ്ചേരി : 2
അടൂർ : 2
തിരുവല്ല : 1
മലയോര മേഖലയിൽ കനത്ത നാശം
ചിറ്റാർ: കിഴക്കൻ മേഖലയിൽ മഴയെ തുടർന്ന് പെട്ടന്നുണ്ടായ കാറ്റിൽ നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി. വൈദ്യുതി കമ്പികൾ പൊട്ടി റോഡിൽ വീണു. ചിറ്റാർ, പെരുനാട് പഞ്ചായത്തുകളിൽ നാശനഷ്ടം കൂടുതലാണ്. പെരുനാട് - ചിറ്റാർ - പുതുക്കട റോഡിൽ വൈദ്യുതി കമ്പികൾ പൊട്ടി വീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.