കൊച്ചി: കടവന്ത്രയിലെ ഒലീവ് ഡൗൺ ടൗൺ ബാർ ഹോട്ടലിന് മുകളിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില പൊന്നുരുന്നി മാമ്പ്ര കുരിശുമൂട്ടിൽ വീട്ടിൽ ക്രിസ് ജോർജ് എബ്രഹാമാണ് (23) മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ബി.ബി.എ വിദ്യാർത്ഥിയായ ക്രിസ് വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ചകാരണം വ്യക്തമല്ല. എറണാകുളം സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി.
എതിർവശത്തെ കെട്ടിടത്തിലെ ജീവനക്കാരിയാണ് ക്രിസ് ബാറിന് മുകളിൽനിന്ന് ചാടുന്നത് കണ്ടത്. വീഴ്ചയിൽ ഹോട്ടലിന്റെ ഗേറ്റിൽത്തട്ടി ക്രിസിന്റെ കാല് വേർപ്പെട്ടു. മൃതദേഹത്തിൽനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. 'എല്ലാ നല്ല കാര്യങ്ങളും ഒരിക്കൽ അവസാനിക്കണം. എന്റെ ജീവിതത്തിലെ നല്ല കാര്യങ്ങൾ അവസാനിച്ചു. ഞാനും അതിനൊപ്പം മരിക്കണം" എന്ന് അർത്ഥം വരുന്ന വാക്കുകൾ ഇംഗ്ലീഷിൽ പ്രിന്റ് ചെയ്ത കടലാസാണ് ലഭിച്ചത്. താഴെ പേനകൊണ്ട് 'എന്നെ മരിച്ച നിലയിൽ കണ്ടെത്തിയാൽ ഏതെങ്കിലും പള്ളിയിൽ അടക്കണം. ഇതാണ് എന്റെ ഒരേയൊരു അന്ത്യാഭിലാഷം" എന്നും എഴുതിയിരുന്നു. സുനോജ് ജോർജ് എബ്രഹാം, നിഷ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി: ക്രിസിൻ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം പിന്നീട്.