ചെങ്ങന്നൂർ : തിരുവൻവണ്ടൂർ നന്നാട് വരട്ടാർപ്പാലം ( പുത്തൻ തോട് പാലം) നിർമ്മാണം പൂർത്തീകരിക്കും മുൻപേ സാധന സാമഗ്രികൾ കൊണ്ടുപോകാൻ ശ്രമിച്ച കരാറുകാരനെയും തൊഴിലാളികളെയും നാട്ടുകാർ തടഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 10 .30 ഓടെയാണ് സംഭവം. ചേർത്തലയിൽ ഒരു പദ്ധതിയുടെ നിർമ്മാണം നടക്കുന്നുണ്ടെന്നും അവിടേക്ക് സാധനങ്ങൾ കൊണ്ടുപോകാനായിരുന്നെന്നും തൊഴിലാളികൾ പറഞ്ഞു. പുത്തൻ തോട് പാലത്തിന്റെ സമാന്തര റോഡ്, സംരക്ഷണഭിത്തി, കൈവരി നിർമ്മാണം എന്നിവയും അപ്രോച്ച് റോഡ് മണ്ണ് നിറച്ച് ഉറപ്പിച്ചതിനു ശേഷം ടാറിംഗ് ജോലികളും പൂർത്തിയാകാനുണ്ട്. റോഡിന്റെ കിഴക്കുഭാഗത്തു കൂടി ആറ്റിലേക്ക് അവസാനിക്കുന്ന ഓടയുടെ നിർമ്മാണവും പൂർത്തിയായിട്ടില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് അടുത്ത ദിവസം അപ്രോച്ച് റോഡിൽ മണ്ണ് നിറയ്ക്കാമെന്ന് കരാറുകാരൻ ഉറപ്പുനൽകി.
തിരുവൻവണ്ടൂർ ഹൈസ്‌കൂൾ ജംഗ്ഷനിൽ തുടങ്ങി നന്നാട് ഈരടിച്ചിറ വരെ രണ്ടര കിലോമീറ്റർ ദൂരംവരുന്ന റോഡിൽ മൂന്നു പാലങ്ങളാണ് വരുന്നത്. ഇതിൽ രണ്ട് പാലങ്ങളുടെ നിർമ്മാണവും റോഡ് ടാറിംഗും പൂർത്തിയായി.
എന്നാൽ ഏറ്റവും പ്രധാനപ്പെട്ട വരട്ടാറിന് കുറുകെയുള്ള പുത്തൻതോട് പാലത്തിന്റെ നിർമ്മാണം നീളുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്.