mazha

പത്തനംതിട്ട : ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിലും കാറ്റിലും കനത്ത നാശനഷ്ടം. തിരുവല്ല മേപ്രലിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. പലയിടങ്ങളിലായി 57 വീടുകൾ ഭാഗികമായി തകർന്നു. തിങ്കളാഴ്ച 18 വീടുകൾ ഭാഗികമായി തകർന്നിരുന്നു. വീടുകളുടെ മുകളിലേക്ക് കാറ്റിൽ വലിയ മരം വീണാണ് നാശമുണ്ടായത്. മല്ലപ്പള്ളി താലൂക്കിലാണ് കൂടുതൽ കെടുതി ഉണ്ടായിട്ടുള്ളത്. മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലായി ക്യാമ്പുകൾ തുറന്നു. പമ്പ, മണിമല നദികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

വിവിധ താലൂക്കുകളിൽ തകർന്ന വീടുകളുടെ എണ്ണം

മല്ലപ്പള്ളി : 28

അടൂർ : 1

കോഴഞ്ചേരി : 15

റാന്നി : 10

തിരുവല്ല : 3

കെ.എസ്.ഇ.ബി നഷ്ടം 12 ലക്ഷം

ജില്ലയിൽ 900 പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം പെയ്തമഴയിൽ ഒടിഞ്ഞത്. ജില്ലയിലുടനീളം 12ലക്ഷം രൂപയുടെ നഷ്ടം ഇതുവരെ കെ.എസ്.ഇ.ബിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തിങ്കളാഴ്ച മാത്രം 9 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നിരവധി സ്ഥലത്ത് മരങ്ങൾ വൈദ്യുതി ലൈനിലേക്ക് പൊട്ടിവീണു. പലയിടത്തും ഗതാഗതം മുടങ്ങി.