resting-place
സന്നിധാനം വലിയ നടപന്തലിന് സമീപം വിരിവെക്കാനും വിശ്രമിക്കുന്നതിനുമുള്ള സ്ഥലത്ത് കനത്തമഴയിൽ വെള്ളം കയറിയപ്പോൾ.

ശബരിമല: കോരിച്ചൊരിയുന്ന മഴയും വീശിയടിച്ച ശീതക്കാറ്ററും മൂലം വിരിവയ്ക്കാനോ വിശ്രമിക്കാനോ ഇടമില്ലാതെ തീർത്ഥാടകർ വലഞ്ഞു. കർക്കടകമാസ പൂജകൾക്കായി നടതുറന്ന 15 ന് രാത്രി സന്നിധാനത്തെത്തിയ തീർത്ഥാടകർക്കാണ് കൊടിയ ദുരിതം ഉണ്ടായത്. സന്നിധാനത്ത് വലിയ നടപ്പന്തലും ഇതിനോട് ചേർന്ന് പ്രത്യേകം വിശ്രമ സ്ഥലങ്ങളുമുണ്ട്. ഇതുകൂടാതെ വടക്കേ നടയിൽ സന്നിധാനത്തെ പുതിയ ഭണ്ഡാരത്തിന് മുകൾഭാഗം, മാളികപ്പുറം വലിയ നടപ്പന്തൽ, പാണ്ടിത്താവളം മാഗുണ്ട നിലയം എന്നിവിടങ്ങളിലും തീർത്ഥാടകർക്ക് സൗജന്യമായി വിരിവയ്ക്കാൻ സൗകര്യമുണ്ട്. എന്നാൽ ഇവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും വീശീയടിച്ച കാറ്റിലും വെള്ളം കയറിയതാണ് തീർത്ഥാടകർക്ക് വിനയായത്. പ്രായമായ സ്ത്രീകളും കുട്ടികളുമടക്കമുള്ള തീർത്ഥാടകരുമാണ് ഏറെ വലഞ്ഞത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ഗസ്റ്റ് ഹൗസുകളും അക്കോമഡേഷൻ മുറികളും നവീകരിക്കുമ്പോഴും ശബരിമലയിൽ എത്തുന്ന സാധാരണ തീർത്ഥാടകർക്ക് മഴ നനയാതെ വിശ്രമിക്കാനോ വിരിവയ്ക്കാനോ മതിയായ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.