മല്ലപ്പള്ളി : മലയോര മേഖലയിൽ കാറ്റിൽ വ്യാപക നാശം. താലൂക്ക് പ്രദേശത്ത് പതിനഞ്ച് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസ് മലയിൽ ഇന്നലെ ഷാജിയുടെ വീടിന് മുകളിലേക്ക് തേക്കു മരം കടപുഴകി വീണെങ്കിലും കുടുംബാംഗങ്ങൾ അത്ഭുതകരമായി രക്ഷപ്പെട്ടു.പെരുമ്പെട്ടി ഇളംതുരുത്തിയിൽ വീട്ടിൽ രാജശേഖരൻ പിള്ളയുടെയും
വെള്ളയിൽ പാതാലിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അനിതയുടെയും വീടുകൾക്ക് മുകളിലേക്ക് തേക്കുമരം ഒടിഞ്ഞു വീണ് കേടുപാടുകൾ സംഭവിച്ചു. വെള്ളയിൽ അരീക്കുഴിക്കൽ സാംകുട്ടി മാത്യുവിന്റെ നിറുത്തിയിട്ടിരുന്ന ആപ്പേ ഓട്ടോറിക്ഷയുടെ മുകളിലും തേക്ക് മരത്തിന്റെ ശിഖരം ഒടിഞ്ഞുവീണ് നാശമുണ്ടായി. എഴുമറ്റൂർ 602-ാം നമ്പർ അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ശാഖാ മന്ദിരത്തിന് മുകളിൽ തേക്കുമരം ഒടിഞ്ഞു വീണ് മേൽക്കൂരയുടെ ആസ്പറ്റോസ് ഷീറ്റുകൾക്ക് തകർന്നു. എഴുമറ്റൂർ പഞ്ചായത്ത് പ്രദേശത്ത് പാറയിൽ ഷാജി , പാറപ്പൊട്ടാണി പുളിയ്ക്കൽ അപ്പുക്കുട്ടൻ, മുളയ്ക്കൽ ശ്രീനിലയം സരസമ്മ എന്നിവരുടെ വീടുകൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചു. മല്ലപ്പള്ളിയിൽ നെയ്തേലിപ്പടി മേലേടത്ത് ജോൺ തോമസിന്റെ വീടിന് മുകളിൽ റബർ മരം വീണ് 2 മുറിയുടെ മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾക്ക് നാശമുണ്ടായി.പുറമറ്റം പഞ്ചായത്തിൽ തോട്ടനാലി മേപ്രത്ത് ലളിത വിജയന്റെ രണ്ട് വീടുകൾക്കും മന്നത്താനിൽ നാസറുദീൻ, തോട്ടനാലി മേപ്രത്ത് രാധാമണി, ചക്കാലമുറിയിൽ റെനി. സി. കുര്യൻ, മേപ്രത്ത് തങ്കമണി, കൊച്ചെഴുത്തുമല രഞ്ജിത്ത് ഭവനിൽ രഞ്ജിത്ത് കുമാർ എന്നിവരുടെ വീടുകൾക്കും നാശമുണ്ടായി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു ശേഷവും രാത്രി 8.30 ന് ശേഷവുമാണ് കാറ്റ് നാശം വിതച്ചത്. 12 ഓളം വൈദ്യുത തൂണുകൾ തകർന്നതിനാൽ വൈദ്യുതി ബന്ധവും പൂർണമായി പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.