sathu

പത്തനംതിട്ട : ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ച കേസിൽ കഴിഞ്ഞ ദിവസം വീയപുരം പൊലീസിന്റെ പിടിയിലായ കുന്നന്താനം ഗോപുരത്തിൽ വീട്ടിൽ ജി.എസ് സേതു (29) മുമ്പ് കീഴ്വായ്പ്പൂർ പൊലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യശ്രമം നടത്തിയയാളാണെന്ന് പൊലീസ് അറിയിച്ചു.

അനധികൃത പച്ചമണ്ണ് കടത്തിയതിനു കഴിഞ്ഞവർഷം ഓഗസ്റ്റ് 3ന് കീഴ്വായ്പ്പൂർ എസ്.ഐ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ഇയാളുടെ രണ്ട് ടിപ്പറുകൾ കസ്റ്റഡിയിലെടുത്തശേഷം തുടർ നടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറി. 7ന് പൊലീസ് സ്റ്റേഷനിലെത്തിയ സേതു, ഉദ്യോഗസ്ഥരോട് മോശമായി സംസാരിക്കുകയും ആത്മഹത്യശ്രമം നടത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. പൊലീസ് പിടിച്ചെടുത്ത ലോറികളിലൊന്നിന്റെ ഗ്രില്ലിൽ കെട്ടിത്തൂങ്ങിമരിക്കാനാണ് ശ്രമിച്ചത്. ഈ സംഭവത്തിൽ പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

കഴിഞ്ഞ ജൂൺ 21ന് രാത്രി വീയപുരം ഇരതോട് റോഡിൽ നിറുത്തിയിട്ട 4ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ച സംഭവത്തിൽ കവിയൂർ കോട്ടൂർ തൈക്കാട്ടിൽ വിശാൽ റാവത്തിനെയും കൂട്ടാളികളായ പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പിടികൂടിയിരുന്നു. സംഘത്തിൽപ്പെട്ട വിശാലിനെ വീയപുരം പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സേതുവിന്റെ പങ്ക് വ്യക്തമായത്.