ശബരിമല : പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള റോപ്പ് വേ സംവിധാനത്തിന് താമസിയാതെ അനുമതി ലഭിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പറഞ്ഞു. ഇത് സംബന്ധിച്ച നിയമ നടപടികളെല്ലാം പൂർത്തിയായി. അന്തിമാനുമതി ഉടൻ ഉണ്ടാകും. പമ്പ ഹിൽടോപ്പിൽ നിന്ന് സന്നിധാനത്തേക്ക് 2.7 കി.മീറ്റർ വരുന്നതാണ് റോപ്പ് വേ.
വരുന്ന മണ്ഡല, മകരവിളക്ക് തീർത്ഥാടനകാല ഒരുക്കം ആലോചിക്കാൻ പമ്പയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. ഒരാഴ്ചക്കുള്ളിൽ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ എല്ലാ വകുപ്പ് മേധാവികളുടെയും യോഗം ചേരും. തുടർന്ന് ജനപ്രതിനിധികളുടെയും വകുപ്പ് സെക്രട്ടറിമാരുടെ യോഗവും നടക്കും. വാഹന പാർക്കിംഗിന് നിലയ്ക്കലിൽ കൂടുതൽ സൗകര്യം ഒരുക്കും. നിലവിൽ എണ്ണായിരം വാഹനങ്ങൾക്ക് ഇവിടെ പാർക്ക് ചെയ്യാം. രണ്ടായിരം വാഹനങ്ങൾ കൂടി പാർക്ക് ചെയ്യുന്നതിന് ഉടൻ സംവിധാനം ഒരുക്കും.
പമ്പയിലും സന്നിധാനത്തും ചിലഘട്ടത്തിൽ ഉണ്ടാവുന്ന തീർത്ഥാടകരുടെ അധിക തിരക്ക് ലഘൂകരിക്കാനും ചില നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ ഉന്നത തലത്തിൽ കൂടിയാലോചന നടത്തി വേണ്ട നടപടി കൈക്കൊള്ളും. വെർച്ച്വൽ ക്യൂ ബുക്കിംഗുമായി ബന്ധപ്പെട്ട തീർത്ഥാടകരുടെ സുഗമമായ ദർശനത്തിന് കൂടുതൽ ക്രമീകരണത്തിന് ചില നിർദേശം വന്നിട്ടുണ്ട്. ഇവയും പരിശോധിച്ച് നടപടി സ്വീകരിക്കും. തീർഥാടകർക്ക് സുഗമമായ ദർശനത്തിന് വേണ്ട എല്ലാ നടപടിയും കൈക്കൊള്ളും. നിലവിലുള്ള കുറവുകളും പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ അജികുമാർ, കെ.സുന്ദരേശൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ദേവസ്വം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി തിങ്കളാഴ്ച വൈകിട്ട് പമ്പയിലെത്തിയ മന്ത്രി ഇന്നലെ സന്നിധാനത്തെത്തി തന്ത്രി മഹേഷ് മോഹനര്, മേൽശാന്തി മഹേഷ് നമ്പൂതിരി എന്നിവരെ സന്ദർശിച്ചു.