bus

പത്തനംതിട്ട : കെ.എസ്.ആർ.ടി.സി പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളുരുവിലേക്കുള്ള ഇന്റർ സ്റ്റേറ്റ് ഗരുഡ എ.സി ബസ് തകരാർ കാരണം മിക്ക ദിവസങ്ങളിലും പെരുവഴിയിലാകുന്നു. വൈകിട്ട് അഞ്ചരയാണ് ബസ് പുറപ്പെടുന്ന സമയം. ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ടയിൽ നിന്ന് യാത്രതുടങ്ങിയപ്പോൾ ഒന്നര മണിക്കൂർ വൈകി ഏഴുമണിയായി. സാങ്കേതിക തകരാർ പരിഹരിച്ച് ബസ് തിരിച്ചപ്പോൾ എ.സി തകരാർ. വാര്യാപുരത്തെ കമ്പനി വർക്ക് ഷോപ്പിൽ എ.സി നന്നാക്കാൻ ഒരു മണിക്കൂറിലേറെ നിറുത്തിയിട്ടു. രാത്രി 8.15നാണ് ബസ് പത്തനംതിട്ട വിട്ടത്. യാത്രക്കാർക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം വടക്കാഞ്ചേരി ഭാഗത്താണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ നാല് മണിക്കൂർ വൈകിയതോടെ സമയത്ത് ഭക്ഷണം കഴിക്കാനായില്ല. പുലർച്ചെ 6.30ന് ബംഗളുരുവിൽ എത്തേണ്ടിയിരുന്ന ബസ് ഇന്നലെ രാവിലെ 11.30 മണിക്കാണ് എത്തിയത്. വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുടെയും ഒരുദിവസം പാഴായി.

ബംഗളുരുവിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ബസ് രാവിലെ പത്തനംതിട്ടയിൽ എത്തുമെങ്കിലും അറ്റകുറ്റപ്പണി സമയത്ത് നടക്കാറില്ല. യാത്ര തുടങ്ങാനാകുമ്പോൾ ആണ് പണിക്ക് കൊണ്ടുപോകുന്നത്. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് ബംഗളുരുവിലേക്കുള്ള ഏക ഇന്റർ സ്റ്റേറ്റ് ഗരുഡ എ.സി സർവീസാണിത്.