പ്രമാടം : കനത്ത മഴയെ തുടർന്ന് പ്രമാടത്ത് മുടങ്ങിയ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത് 32 മണിക്കൂറിന് ശേഷം. തിങ്കളാഴ്ച രാത്രി എട്ടിനാണ് വൈദ്യുതി വിതരണം നിലച്ചത്. രണ്ട് രാത്രിയും ഒന്നര പകലും നീണ്ട അക്ഷീണ പരിശ്രമത്തിനൊടുവിൽ ഇന്നലെ പകലാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം പൂർണ്ണമായും പുന:സ്ഥാപിക്കാനായത്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകൾ വ്യാപകമായി ഒടിഞ്ഞതും ട്രാൻസ്മോർമറുകൾക്ക് തകരാർ സംഭവിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. കെ.എസ്.ഇ.ബി അധികൃതർ സംഭവ സമയം തന്നെ വിവിധ ഭാഗങ്ങളിൽ എത്തി അറ്റകുറ്റപ്പികൾക്ക് ശ്രമിച്ചെങ്കിലും ലൈൻ ചാർജ്ജ് ചെയ്യുമ്പോൾ തുടർച്ചയായി പൊട്ടിത്തെറി ശബ്ദം ഉണ്ടായതിനെ തുടർന്ന് ട്രാൻസ്ഫോർമറുകൾ പൂർണമായും ഒഫ് ചെയ്യുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് അറ്റകുറ്റപ്പണിയും വൈകി. ചൊവ്വാഴ്ച വൈകിട്ട് ആറോടെ ചില പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും മണിക്കൂറുകളുടെ ഇടവേളകളിൽ നിരവധി തവണ വീണ്ടും വൈദ്യുതി മുടങ്ങി. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴയ്ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ വൻ നാശമാണ് പഞ്ചായത്തിൽ ഉണ്ടായത്. പുതിയ പോസ്റ്റുകൾ സ്ഥാപിച്ചാണ് വൈദ്യുതി വിതരണം പുനസ്ഥാപിച്ചത്.