റാന്നി: വർഷങ്ങളായി പ്രവർത്തിച്ച റാന്നി ടൗണിലെ കെട്ടിടത്തിൽ നിന്ന് മിനി സിവിൽ സ്റ്റേഷനിലേക്ക് എത്തിയിട്ടും ഇടുങ്ങിയ വഴിയുടെ ദുരിതത്തിൽ നിന്ന് അഗ്നി രക്ഷാസേനയ്ക്ക് മോചനമില്ല. അടിയന്തര സാഹചര്യങ്ങളിൽ ഫയർഫോഴ്സിന്റെ വാഹനങ്ങൾക്ക് തടസമായി വഴിയിൽ സ്വകാര്യ വാഹനങ്ങളെത്തുന്നത് ബുദ്ധിമുട്ടാണ്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്ന് റാന്നി മിനി സിവിൽ സ്റ്റേഷൻ വളപ്പിലേക്കുള്ള റോഡിലെ ഗേറ്റ് ഇടുങ്ങിയതാണ് പ്രധാന പ്രശ്നം. കഴിഞ്ഞ ദിവസം സിവിൽ സ്റ്റേഷനിൽ വന്നിരുന്ന ആളുകൾ റോഡിന്റെ ഇരുവശത്തും കാറുകൾ പാർക്ക് ചെയ്തിരുന്നതിനാൽ അഗ്നി രക്ഷാസേനയ്ക്ക് വാഹനം പുറത്തിറക്കാൻ പറ്റാത്ത സ്ഥിതിവന്നു. എന്നാൽ കാറുകളുടെ ഡ്രൈവർമാർ സമീപ സ്ഥലത്തുണ്ടായിരുന്നതിനാൽ ഉടൻതന്നെ വാഹനം മാറ്റിക്കൊടുത്തു. മിനി സിവിൽ സ്‌റ്റേഷന്റെ ഏറ്റവും താഴത്തെ നിലയിലാണ് ഫയർഫോഴ്സ് ഓഫീസ് . മറ്റ് ആവശ്യങ്ങൾക്ക് സിവിൽ സ്റ്റേഷനിൽ വരുന്ന ആളുകളുടെ വാഹനങ്ങൾക്ക് താലൂക്ക് ഓഫീസീന്റെ അപ്പുറത്തെ കെട്ടിടത്തോട് ചേർന്നുള്ള സ്ഥലത്ത് പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാൽ പലപ്പോഴും ആളുകൾ പ്രധാന റോഡിലേക്ക് വാഹനങ്ങൾ നിറുത്തിയിടും. ഇത് ഫയർഫോഴ്സ് വാഹനത്തിന് തടസമാണ്