പന്തളം: തകർന്ന റോഡിലെ ഗതാഗതം നിരോധിച്ച് പഞ്ചായത്ത് അധികൃതർ സ്ഥാപിച്ച ബോർഡും മണൽചാക്കുകളും സാമൂഹ്യ വിരുദ്ധർ കഴിഞ്ഞ ദിവസം നീക്കം ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുത്തു. ഇതുസംബന്ധിച്ച് വാർഡ്മെമ്പർ ഐശ്വര്യ ജയചന്ദ്രനും പഞ്ചായത്ത് അധികൃതരും പന്തളം പൊലീസിൽ പരാതി നൽകി. റോഡ് തകർന്നതിനെ തുടർന്ന് കഴിഞ്ഞ മാസം 25നാണ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ച് ഗ്രാമപഞ്ചായത്ത് ബോർഡുകൾ സ്ഥാപിച്ചത്. കുളനടഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ എം.സി റോഡിനെയും വെണ്മണി കുളനട റോഡിനെയും ബന്ധിപ്പിക്കുന്ന ചക്കുള്ളിടത്ത്പടി-ആലു നിൽക്കുന്ന മണ്ണിൽ റോഡിലെ കല്ലുപാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും കുളനടപഞ്ചായത്ത് അധികൃതർ നിരോധിച്ചത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാലത്തെ അപ്രോച്ച് റോഡുകളുമായി ബന്ധിപ്പിക്കുന്ന കരിങ്കൽ ഭിത്തികളാണ് വർഷങ്ങൾക്ക് മുമ്പ് തകർന്നത്. ഇപ്പോൾ പാലത്തിൽ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട് . നൂറു കണക്കിന് വാഹനങ്ങളും കാൽ നടയാത്രക്കാരും സഞ്ചരിക്കുന്ന പാലം അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം കഴിഞ്ഞ 25 മുതൽ പൂർണ്ണമായി നിരോധിക്കുകയായിരുന്നു.