sasaha
സാഷ സി.പി.ഒ അജിത്ത് ജോൺസണൊപ്പം

പത്തനംതിട്ട : ജില്ലയിലെത്തുന്ന വി.ഐ.പികൾക്ക് സുരക്ഷയൊരുക്കിയ ഡോഗ് സ്ക്വാഡിലെ സൂപ്പർ സ്റ്റാർ സാഷ പൊലീസ് ചരിത്രത്തിന്റെ ഭാഗമായി. ഡികമ്മീഷൻ ചെയ്തശേഷം (റിട്ടയർമെന്റ് ) വിശ്രമ ജീവിതത്തിലായിരുന്ന സാഷയുടെ അന്ത്യം തിരുവനന്തപുരം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു. 10 വർഷവും എട്ട് മാസവുമായിരുന്നു പ്രായം. രണ്ട് വർഷം മുമ്പ് വരെ പ്രധാനമന്ത്രി , പ്രസിഡന്റ്, മുഖ്യമന്ത്രി, ഗവർണർ തുടങ്ങി ജില്ലയിലെത്തുന്ന പ്രധാനികൾക്കെല്ലാം സുരക്ഷയൊരുക്കുന്നത് സാഷയായിരുന്നു. ബോംബ് സ്ക്വാഡിലായിരുന്നു സാഷയുടെ സേവനം. മണ്ഡലകാലത്ത് ശബരിമലയിലെ സുരക്ഷയ്ക്കായി മണിയാർ ക്യാമ്പിലുമുണ്ടാകും രണ്ട് മാസം.

തിരുവനന്തപുരം സ്വദേശികളുടെ പക്കൽ നിന്നാണ് സാഷ പൊലീസിന്റെ ഭാഗമാകുന്നത്. 2014 മാർച്ച് മുതൽ പരിശീലനം ലഭിച്ച നായ 2015 ജനുവരിയിൽ പൊലീസ് അക്കാഡമിയിൽ നിന്ന് പത്തനംതിട്ടയിലെത്തി. അന്ന് മുതൽ സാഷയുടെ കാര്യങ്ങൾ നോക്കിയിരുന്നത് സി.പി.ഒ അജിത്ത് ജോൺസൺ ആണ്. 2022ൽ ഡികമ്മീഷൻ ചെയ്ത സാഷയെ ദത്തെടുത്ത് അജിത്ത് വീട്ടിൽ താമസിപ്പിച്ചു.

കോയിപ്രം സ്റ്റേഷൻ പരിധിയിൽ കൊവിഡ് കാലത്ത് കണ്ടെത്തിയ സ്ഫോടക വസ്തു നിറച്ച ഐസ്ക്രീം ബാൾ നിർവീര്യമാക്കാനെത്തിയതും സാഷയായിരുന്നു. അജിത്ത് ജോൺസന്റെ റാന്നിയിലെ വീടിന് സമീപം സാഷയെ അടക്കം ചെയ്തതു. 9 വ‌ർഷം സേവനം അനുഷ്ഠിച്ച നായയ്ക്ക് സല്യൂട്ട് നൽകിയാണ് കെ - 9 സ്ക്വാഡ് യാത്രയാക്കിയത്.