കോന്നി : സംസ്ഥാന തൊഴിൽ വകുപ്പിന്റെ ജില്ലാ നൈപുണ്യ വികസന കേന്ദ്രം നാളെ കോന്നി എലിയറയ്ക്കലിൽ പ്രവർത്തനം തുടങ്ങും. വൈകിട്ട് മൂന്നിന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ ആറാമത്തെ ജില്ലാ നൈപുണ്യ പരിശീലന കേന്ദ്രമാണ് കോന്നിയിൽ തുടങ്ങുന്നത്. തൊഴിൽക്ഷമത വർദ്ധിപ്പിച്ച് മികച്ച അവസരങ്ങൾ നേടിയെടുക്കാൻ യുവാക്കളെ പ്രാപ്തരാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
നൈപുണ്യ വികസനത്തിനും വ്യക്തിത്വ വികസനത്തിനും ഊന്നൽ നൽകിയാണ് കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
സംസ്ഥാനത്തെ ആറാമത്തെ കേന്ദ്രം
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് എന്നിവിടങ്ങളിൽ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
ഇംഗ്ളീഷ്, ജർമൻ ഭാഷകളിൽ നൈപുണ്യ പരിശീലനം, സീപ്പോർട്ട് എയർപോർട്ട് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ്, ത്രിഡി പ്രിന്റിംഗ്, സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അനിമേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, അക്കൗണ്ടിംഗ് തുടങ്ങിയ പരിശീലനങ്ങളും ഇതിൽ ഉൾപ്പെടും.
ലോകോത്തര നിലവാരം
സ്‌കിൽ ഡവലപ്‌മെന്റിനും വ്യക്തിത്വ വികസനത്തിനും, തൊഴിൽ നേടുന്നതിനും
വേണ്ടി ലോകോത്തര നിലവാരം പുലർത്തുന്ന സ്ഥാപനമാണിത്. ഓരോരുത്തരുടെയും അഭിരുചി മനസിലാക്കിയുള്ള അസസ്‌മെന്റ് ആൻഡ് കരിയർ ഗൈഡൻസ് സെൽ, ലോകത്തെ മികച്ച വായനശാലകളെ കോർത്തിണക്കിയുള്ള ഡിജിറ്റൽ ലൈബ്രറി, വിവിധ ഭാഷകളിൽ വിദഗ്ദ്ധ പരിശീലനം നൽകുന്നതിനുള്ള ലാംഗ്വേജ് ലാബ്, വിവിധ തൊഴിൽ മേഖലകളെ വീഡിയോ കോൺഫറൻസിംഗിലൂടെ ഉൾപ്പെടുത്തി പരിശീലനങ്ങൾ നൽകുന്ന മൾട്ടി സ്‌കിൽ റൂം എന്നീ സൗകര്യങ്ങൾ പഠനകേന്ദ്രത്തിൽ ഉണ്ടാകും.
ഉന്നത വിദ്യാഭ്യാസം നേടിയവർക്ക് തൊഴിൽ നേടുന്നതിനുള്ള പരിശീലന സഹായ കേന്ദ്രമായും സാധാരണ വിദ്യാഭ്യാസം മാത്രമുള്ളവർക്ക് തൊഴിൽ പരിശീലിപ്പിച്ച് നല്കുന്ന സ്ഥാപനമായും നൈപുണ്യ വികസന കേന്ദ്രം മാറും.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.