പത്തനംതിട്ട : ഉന്നതങ്ങളിലെത്തിയിട്ടും മരണംവരെ ലാളിത്യത്തോടെ ജീവിച്ച അപൂർവ വ്യക്തിത്വമായിരുന്നു ഡോ. എം.എസ് വല്യത്താനെന്ന് പന്തളം കൊട്ടാരം നിർവാഹക സമിതി സെക്രട്ടറി എം.ആർ സുരേഷ് വർമ്മ പറഞ്ഞു. വസ്ത്രധാരണത്തിലും ആഹാരത്തിലും ജീവിത രീതികളിലുമെല്ലാം ലാളിത്യം സൂക്ഷിച്ചിരുന്നു. പന്തളത്തുകാർക്ക് സുപരിചിതനായിരുന്നു. മാവേലിക്കര കാവലിൽ കൊട്ടാരത്തിൽ നിന്ന് പന്തളത്ത് മണികണ്ഠനാൽത്തറയ്ക്കു സമീപം താമസിച്ചിരുന്ന മൂത്ത സഹോദരി ചന്ദ്രമതിയെ കാണാനും ഇവിടെ താമസിക്കാനും കുട്ടിക്കാലത്ത് അച്ഛനമ്മമാർക്കൊപ്പം എത്തിയിരുന്ന വല്യത്താന് പന്തളം കൊട്ടാരത്തിലെ അംഗങ്ങളുമായി ആത്മബന്ധമായിരുന്നു. പഠനകാലം മുതൽ പന്തളത്ത് എത്തി ഇവിടെയുള്ള സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്നു. ചിത്രകാരനും ബന്ധുവുമായിരുന്ന ആർട്ടിസ്റ്റ് വി.എസ്.വല്യത്താനുമായും സ്‌നേഹബന്ധം പുലർത്തിയിരുന്നു. പന്തളം പാലസ്‌ക്ലബിന്റെ വാർഷികാഘോഷങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ വേർപാട് പന്തളം കൊട്ടാരത്തിന് മാത്രമല്ല പന്തള ദേശത്തിനും തീരാനഷ്ടമാണ്.