ചെങ്ങന്നൂർ: മാസ്റ്റർ പ്ലാൻ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നഗരസഭ ഉപരോധ സമരം ബി ജെ പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അഴിമതിക്ക് വേണ്ടിയാണ് ഇപ്പോഴത്തെ മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുള്ളത്. ഏതൊക്കെയോ ആളുകളുടെ മനസിൽതോന്നിയ കാര്യങ്ങൾ മാസ്റ്റർ പ്ലാനായി അംഗീകരിക്കാനാകില്ല. വെള്ളപ്പൊക്കം കൊണ്ട് ദുരിതപ്പെട്ട മേഖലകളെ സ്പർശിക്കാതെ മറ്റ് മേഖലകളെയാണ് അതിതീവ്ര വെള്ളപ്പൊക്ക സാദ്ധ്യത മേഖലകളായി മാസ്റ്റർ പ്ലാനിൽ പറയുന്നത്. ഈ മേഖലയിലെ ജനങ്ങളെ ദുരിതത്തിലാക്കാനെ ഉപകരിക്കൂ. കോൺഗ്രസ് കമ്യൂണിസ്റ്റ് നേതാക്കളുടെ വീടുകളും പറമ്പുകളുമൊന്നും ഇതിൽ വന്നിട്ടില്ല എന്നത് ഗൗരവകരമാണ്. ആവശ്യമുള്ളവരെ ഒഴിവാക്കി പാവപ്പെട്ട ജനങ്ങളുടെ ദ്രോഹിക്കാനാണ് മാസ്റ്റർ പ്ലാൻ പദ്ധതിയിട്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ, കെ.ജി കർത്ത, അജി.ആർ. നായർ, കലാ രമേഷ് , ഡോ.ഗീത അനിൽകുമാർ , ബി.ജെ.പി കൗൺസിലർമാർ തുടങ്ങിയവർ പ്രസംഗിച്ചു.
....................................................................
മാസ്റ്റർ പ്ലാനിൽ നിറയെ പാകപ്പിഴകളാണ്. ഇത് തയാറാക്കിയ ഉദ്യോഗസ്ഥർ തന്നെ പരോക്ഷമായി ഇത് സമ്മതിച്ചിട്ടുള്ളതാണ്. ഈ മാസ്റ്റർ പ്ലാൻ തിരുത്തൽ വരുത്താതെ നടപ്പാക്കാനുള്ള നീക്കം ജനങ്ങളെ കബളിപ്പിക്കാനാണ്.
ആതിര ഗോപൻ
(കൗൺസിലർ)
.............................
2021മുതൽ മാസ്റ്റർ പ്ലാൻ നിലവിൽ വന്നിട്ടുള്ളതാണ്. ഹൈ, മീഡിയം, ലോ റിസ്‌ക് സോണുകൾ നിലവിലുണ്ട്. എല്ലാ കാര്യവും ഉദ്യോഗസ്ഥർ ബന്ധപ്പെട്ട കൗൺസിലർമാരെ വിശദീകരണ ക്ലാസെടുത്ത് കൃത്യതയോടെ ധരിപ്പിച്ചിട്ടുള്ളതാണ്. ഇതിന് ശേഷവും സമരവുമായി രംഗത്തെത്തിയത് പ്രതിഷേധാർഹമാണ്. ബി.ജെ.പിയും എൽ.ഡി.എഫും നടത്തുന്ന പ്രക്ഷോഭം രാഷ്ട്രീയപ്രേരിതമാണ്.
ശോഭ വർഗീസ്
(ചെയർപെഴ്‌സൺ )