ചെങ്ങന്നൂർ: ശക്തമായ മഴയിലും, പാറക്കൊറിയിലെ വെള്ളവും കാരണം പുറത്തിറങ്ങാൻ പോലും കഴിയാതെ ഒരു കുടുംബം നട്ടംതിരിയുന്നു. ആലാ പഞ്ചായത്ത് ആറാം വാർഡിൽ വിളയ്ക്കാട്ടേത്ത് വീട്ടിൽ പത്മാക്ഷിയമ്മയും കുടുംബവുമാണ് ദുരിതത്തിൽ കഴിയുന്നത്. വീടിനു ചുറ്റും വെള്ളക്കെട്ടാണ്. വൃദ്ധയായ പത്മാക്ഷിയമ്മയുടെ വീടിന്റെ അടിത്തറയുടെ ചില ഭാഗങ്ങളിൽ തകർച്ചയുണ്ടായിട്ടുണ്ട്. ഇതിനടിയിൽ കൂടി വെള്ളം പരന്നൊഴുകുകയാണ്. തൊട്ടടുത്ത് തന്നെയുള്ള പാറക്വാറി യാണ് ഈ ദുരിതത്തിന് വഴിവച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇരുവശങ്ങളിലും പാറ പൊട്ടിച്ച കുഴിക്ക് മദ്ധ്യഭാഗത്തിലൂടെ കടന്നുപോകുന്ന പെണ്ണുക്കര യു.പി സ്‌കൂൾ-വാളാപ്പുഴ റോഡിന് അരികിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മകൾ ആശാകുമാരിയും ഭർത്താവ് പ്രദീപ്‌കുമാറും രണ്ട് മക്കളും അടങ്ങുന്നതാണ് പത്മാക്ഷിയമ്മയുടെ കുടുംബം. വെള്ളം ഒഴുകിപോകാനുള്ള നീരൊഴുക്ക് മുമ്പ് ഉണ്ടായിരുന്നെങ്കിലും സ്വകാര്യവ്യക്തി അത് മണ്ണിട്ട് നികത്തി. ഇതോടെയാണ് വീട് അപകടപ്പെടുത്തും വിധത്തിലുള്ള വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. വീടിനോട് ചേർന്നുള്ള മത്സ്യക്കുളത്തിന്റെ സ്ഥിതിയും ദയനീയമാണ്. ടാക്‌സി ഡ്രൈവറായ പ്രദീപ് ഉപജീവനമാർഗമായാണ് മീൻകൃഷി തെരഞ്ഞെടുത്തതും പറമ്പിൽ മത്സ്യക്കുളം നിർമ്മിച്ചതും. മത്സ്യങ്ങൾ ഇപ്പോൾ വെള്ളക്കെട്ടിൽ ഒഴുകി പോകുന്ന സ്ഥിതിയാണ്.
ഓടയില്ലാതെ റോഡ്: പരാതി നൽകിയിട്ടും ഫലമില്ല
വീടിനു പിന്നിൽ മുട്ടറ്റം വെള്ളമാണ്. ഓടനിർമാണം ആവശ്യപ്പെട്ട് നിരവധി തവണ പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് പ്രദീപ് പറയുന്നത്. പത്മാക്ഷിയമ്മയുടെ വീട്ടിലെ കിണറും ടോയ്ലറ്റും ഉപയോഗ ശൂന്യമായിരിക്കുകയാണ്. വീടിന്റെ അസ്ഥിവാരം തകരുന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ പഞ്ചായത്ത് അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വീട്ടുകാരുടെ അഭ്യർത്ഥന.