photo
വള്ളിക്കോട് ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിടം

വള്ളിക്കോട് : വള്ളിക്കോട് ഗവ.എൽ.പി സ്കൂളിന്റെ പുതിയ ഇരുനില കെട്ടിടം ഇന്ന് വൈകിട്ട് നാലിന് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി, അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. 1.20 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

140 വർഷത്തെ പാരമ്പര്യമുള്ള സ്കൂൾ കാലപ്പഴക്കത്തെ തുടർന്ന് ശോച്യാവസ്ഥയിലായിരുന്നു. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായാണ് പുതിയ കെട്ടിടമായത്. ഓടിട്ട കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. പുതിയ കെട്ടിടവും അടിസ്ഥാന വികസനവും ആവശ്യമാണെന്ന് ആവശ്യപ്പെട്ട് ആർ. മോഹനൻ നായർ ചെയർമാനും സംഗേഷ് ജി. നായർ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ എം.എൽ.എയ്ക്ക് നിവേദനം നൽകിയിരുന്നു.

140 വർഷം പഴക്കമുള്ള സ്കൂളിൽ 93 വിദ്യാർത്ഥികളുണ്ട്. ആധുനിക നിലവാരത്തിലുള്ള ക്ളാസ് മുറികൾ, അദ്ധ്യാപകർക്കുള്ള മുറികൾ, ഓഫീസ്, ടോയ്ലറ്റുകൾ എന്നിവ പുതിയ കെട്ടിടത്തിലുണ്ട്. ആറ് ലക്ഷം രൂപ ചെലവിൽ പാചകപ്പുരയും നിർമ്മിച്ചു.