pocso
ചന്ദ്രൻ

പത്തനംതിട്ട : പതിനൊന്നു വയസുള്ള രണ്ട് ആൺകുട്ടികളെ ഒരേ ദിവസം പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമം ചെയ്ത കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര മണലൂർ പുതുവീട്ടുമേലേ പുത്തൻ വീട്ടിൽ ചന്ദ്രനെ (64) പത്തനംതിട്ട പോക്‌സോ അതിവേഗ കോടതി രണ്ട് കേസുകളിലായി 40 വർഷം കഠിന തടവിനും മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ അധിക കഠിന തടവും ശിക്ഷ വിധിച്ചു. ജഡ്ജ് ഡോണി തോമസ് വർഗീസാണ് വിധി പറഞ്ഞത്.
മലയാലപ്പുഴ മുക്കുഴിയിൽ പ്രതി നടത്തിക്കൊണ്ടിരുന്ന ഇന്ദ്രൻസ് ബാർബർ ഷോപ്പിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. 2023 സ്‌കൂൾ വെക്കേഷൻ സമയത്ത് സുഹൃത്തുക്കളായ രണ്ട് ആൺകുട്ടികൾ മുടിവെട്ടുന്നതിനായി പ്രതിയുടെ കടയിൽ എത്തി. പ്രതി കുട്ടികളെ അടുത്തിരുത്തി ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടികൾ സഹപാഠികളോട് പറഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ജയ്‌സൺ മാത്യൂസ് ഹാജരായി. മലയാലപ്പുഴ ഇൻസ്‌പെക്ടർ ആയിരുന്ന കെ.എസ്.വിജയനായിരുന്നു കേസ് അന്വേഷിച്ചത്.