photo
മുന്നറിയിപ്പ് ബോർഡുകൾ

പ്രമാടം : നാട്ടുകാരുടെ പേടിസ്വപ്നമായി മാറിയ കോന്നി -ചന്ദനപ്പള്ളി റോഡിലെ പൂങ്കാവ് അമ്മൂമ്മത്തോട് വളവിൽ പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. കൊടും വളവും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും കാരണം ഇവിടം അപകടക്കെണിയായി മാറുന്നത് ചൂണ്ടിക്കാട്ടി കേരള കൗമുദി നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. ആറ് മാസത്തിനിടെ ചെറുതും വലുതുമായ മൂന്ന് ഡസനോളം അപകടങ്ങളും രണ്ട് മരണങ്ങളുമാണ് ഇവിടെ നടന്നത്.

പൂങ്കാവ് ജംഗ്ഷനിൽ നിന്ന് അഞ്ഞൂറു മീറ്റർ അകലെയായി ചന്ദനപ്പള്ളി റോഡിലാണ് ഈ അപകട വളവ് . കോന്നി താലൂക്ക് ആശുപത്രി, ആനക്കൂട്, മിനി സിവിൽ സ്റ്റേഷൻ, ജോയിന്റ് ആർ.ടി. ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. ചന്ദനപ്പള്ളി, അടൂർ, വള്ളിക്കോട്, പന്തളം പ്രദേശങ്ങളിലേക്ക് പോകുന്നവർ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കോന്നിയിൽ നിന്ന് പ്രമാടം പാറക്കടവ് പാലം വഴി പത്തനംതിട്ടയിൽ എത്താനുള്ള എളുപ്പവഴികൂടിയാണ്.

രണ്ട് വർഷം മുമ്പ് 9.75 കോടി രൂപ ചെലവിൽ പുനർ നിർമ്മിച്ച റോഡാണിത്. റോഡ് പുനർനിർമ്മിക്കാൻ തീരുമാനമായപ്പോൾ തന്നെ അമ്മൂമ്മത്തോട് വളവ് നിവർത്തണമെന്ന് ആവശ്യം ഉയർന്നിരുന്നു. പുതിയ റോഡ് നിർമ്മിക്കുമ്പോൾ അലൈൻമെന്റിൽ മാറ്റം വരുത്തി അപകട വളവ് നിവർത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നാട്ടുകാർക്ക് ഉറപ്പും നൽകി . എന്നാൽ നടപടി ഉണ്ടായില്ല. റോഡ് വികസിച്ചതോടെ വാഹനങ്ങളുടെ വേഗത വർദ്ധിച്ചതും അപകടങ്ങൾക്ക് കാരണമായി. വേഗ നിയന്ത്രണ സംവിധാനങ്ങളും അപകട വളവ് മുന്നറിയിപ്പ് ബോർഡുകളും ഇവിടെ സ്ഥാപിച്ചിരുന്നില്ല.