പത്തനംതിട്ട : ഇളകി വീഴുന്ന കോൺക്രീറ്റ് പാളികൾ ഉയർത്തുന്ന ഭീഷണിക്കും അപ്പുറം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ അനുഭവിക്കുന്ന മഹാദുരിതമാണ് വളപ്പിലെ വാഹന പാർക്കിംഗ്. ഉപേക്ഷിച്ചതും ഉപയോഗിക്കുന്നതുമായ വാഹനങ്ങളുടെ പാർക്കിംഗ് കേന്ദ്രമായി മാറിയതോടെ പരിസരമാകെ വീർപ്പുമുട്ടുകയാണ്. സൂചി കുത്താൻ ഇടമില്ലാത്ത അവസ്ഥ. വിവിധ ഒാഫീസുകളിൽ എത്തുന്നവർക്ക് നടന്നുകയറാനാവാത്ത അവസ്ഥ. ഇരുചക്രവാഹനങ്ങളുടെ നീണ്ട നിര ഭേദിച്ചാണ് ജീവനക്കാരടക്കം ഒാഫീസിൽ എത്തുന്നത്. നടപ്പാത മാത്രം ഒഴിച്ചിട്ട് ബാക്കി സ്ഥലം മുഴുവനായി പാർക്കിംഗിനായി ഉപയോഗിക്കുന്നു.
വാഹനങ്ങളുടെ ശ്മശാനഭൂമി
റവന്യൂ, പൊതുവിതരണം, നഗരാസൂത്രണം, ജി.എസ്.ടി , തദ്ദേശ സ്ഥാപനം തുടങ്ങി വിവിധ വകുപ്പുകളുടെ വാഹനങ്ങൾ ലേലത്തിൽ പോലും പോകാതെ വർഷങ്ങളായി മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ തുരുമ്പ് തിന്നുകയാണ്.
കെട്ടിടത്തിന്റെ നടുത്തളത്തിലടക്കം വാഹനങ്ങൾ ഉപേക്ഷിച്ചിരിക്കുന്നത് കാണാം. പഴയ വാഹനങ്ങൾക്ക് മുൻപിലായി ജീവനക്കാരുടെയും വിവിധ ഓഫീസുകളിലെത്തുന്നവരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നു. പലപ്പോഴും ഔദ്യോഗിക വാഹനങ്ങൾ പോലും ഓഫീസ് വളപ്പിൽ ഇടംകിട്ടാറില്ല.
തലവേദനയായി മാലിന്യവും
വാഹനങ്ങൾക്ക് പുറമേ പഴകി ദ്രവിച്ച വാട്ടർ ടാങ്കുകൾ സിവിൽ സ്റ്റേഷനിൽ കൂട്ടിയിട്ടിരിക്കുകയാണ്. മുകൾ നിലകളിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങളും പരിസരങ്ങളിൽ കാണാം. കൊതുക് ശല്യവും രൂക്ഷമാണിവിടെ. ബാത്ത് റൂമുകളിലെ പൈപ്പുകൾ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നു.
പഴയ ഫർണിച്ചറുകളും ആക്രി സാധനങ്ങളും പഴയ ഫയലുകൾ നിറച്ച ചാക്കുകെട്ടുകളും ഇലക്ഷൻ ജോലിക്ക് ശേഷമുള്ള സാമഗ്രികളും വരാന്തയിൽ നിറഞ്ഞിരിക്കുന്നു. ഈ ഭാഗത്ത് ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. താഴെത്ത് നിലയിൽ കവാടത്തിന് സമീപം ഫ്യൂസും മെയിൻസ്വിച്ചുകളും സ്ഥാപിച്ചിരിക്കുന്നതിന്റെ തൊട്ടുകീഴിലാണ് ആക്രിസാധനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്.
ഇവിടെ മൂക്ക് പൊത്തിയാണ് ജോലി ചെയ്യുന്നത്. ദുർഗന്ധം കാരണം ബാത്റൂം ഭാഗത്തേക്ക് പോകാൻ കഴിയില്ല. വാഹനങ്ങൾ പാർക്ക് ചെയ്യാനും വലിയ ബുദ്ധിമുട്ടാണ്.
ജീവനക്കാരൻ
മിനി സിവിൽ സ്റ്റേഷനിൽ അൻപതിലധികം
സർക്കാർ സ്ഥാപനങ്ങളും കോടതിയും