ചെങ്ങന്നൂർ: തുക അനുവദിച്ചിട്ടും റോഡിന്റെ കരാർ എടുക്കാനാളില്ല. കഴിഞ്ഞ 20 വർഷമായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന തിരുവൻവണ്ടൂർ എച്ച്.എസ്.എസ് - പള്ളത്തുപടി റോഡ് പുനർനിർമ്മിക്കുന്നതിനാണ് സർക്കാർ ഒരു കോടി രൂപ അനുവദിച്ചത്. തുക അനുവദിച്ചിട്ട് മാസങ്ങളായിട്ടും റോഡ് കരാർ എടുക്കുന്നതിന് ഇതുവരെ ആരും തയാറായിട്ടില്ല. നാട്ടുകാരുടെ പരാതിയെ തുടർന്ന് റീ - ടെന്റർ നടപടിക്കൊരുങ്ങുകയാണ് അധികൃതർ. സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന ഈ റോഡ് ടാറിംഗ് പൂർണ്ണമായും തകർന്ന് ചെമ്മൺപാതയ്ക്ക് സമമായി. ഗ്രാമ പഞ്ചായത്തിന്റെ 12, 4 വാർഡുകൾ ചേർന്ന് തിരുവൻവണ്ടൂരിനെയും കല്ലിശേരി - കുത്തിയതോട് റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന 750 മീറ്റർ ദൈർഘ്യമുള്ള റോഡാണിത്. ബ്ലോക്ക് പഞ്ചായത്തിന്റെ കുടിവെള്ള പദ്ധതി പൈപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ടും ചെളിക്കുഴിയുമാണ്. ഇതോടെ വഞ്ഞിപ്പുഴേത്ത് ,തോണ്ടറപ്പടി ഭാഗത്ത് താമസിക്കുന്നവർ ഏറെ ദുരിതത്തിലാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയിൽ വീണ് നിരവധി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽ പെടുന്നത് നിത്യസംഭവമാണ്. ഗവ.ഹയർ സെക്കൻഡറി സ്കൂൾ ,ഗവ. എൽ പി സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വിദ്യാർത്ഥികളും മറ്റു യാത്രക്കാരും ഏറെ ദുരിതത്തിലാണ്. പള്ളത്തുപടി ,പാണ്ടനാട് എന്നിവിടങ്ങളിൽ നിന്നും വരുന്നവർക്കും ഹയർ സെക്കൻഡറി സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികൾക്കും വരുവാനുള്ള ബൈപ്പാസ് റോഡു കൂടിയാണിത്.
.....................................
രാവിലെ സ്കൂളിലേക്ക് വരുമ്പോൾ വെള്ളക്കെട്ടിൽ കൂടി നടന്നു വരുന്നത് ഏറെ ബുദ്ധിമുട്ടാണ്. പഞ്ചായത്ത്അധികൃതർ ഇടപെട്ട് ഇതിന് എത്രയും പെട്ടെന്ന് പരിഹാരം കാണണം.
ആനി ജോർജ്
(ഹയർ സെക്കൻഡറി സ്കൂൾ
അദ്ധ്യാപിക)
...................................
-നിർമ്മാണത്തിന് 1കോടി അനുവദിച്ചു
- 20 വർഷമായി തകർന്ന റോഡ്
- 750 മീറ്റർ ദൈർഘ്യം