1
കോട്ടയം കോഴഞ്ചേരി സംസ്ഥാന പാതയിലെ പടുത്തോട് ചെറിയ പാലത്തിൻ്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ.

മല്ലപ്പള്ളി: കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിലെ പടുതോട് ചെറിയ പാലത്തിന്റെയും വെണ്ണിക്കുളം ജംഗ്ഷനിലെ കലുങ്കിന്റെ സംരക്ഷണം ഭിത്തി തകർന്ന് അപകടാവസ്ഥയിൽ. പടുതോട് ചെറിയ പാലത്തിന്റെ കൈവരിയോട് ചേർന്ന് കരിങ്കല്ലിൽ നിർമ്മിച്ചിരുന്ന സംരക്ഷണഭിത്തിയുടെ ഭാഗങ്ങളാണ് തകർന്ന് കിടക്കുന്നത്. ഇവിടെ കാടുമൂടപ്പെട്ട് കിടക്കുന്നതിനാൽ വാഹനങ്ങൾ തോട്ടിലേക്ക് മറിയാൻ സാദ്ധ്യത ഏറെയാണ്. 12അടിയിലേറെ താഴ്ചയുണ്ട് തോടിന് . റോഡിലെ കൊടുംവളവും സമീപത്തായിട്ടുള്ള ട്രാൻസ്ഫോർമറും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. സ്വകാര്യ ബസുകളും, കെ.എസ്.ആർ.ടി.സി , സ്കൂൾ വാഹനങ്ങളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്നതിനാൽ കാൽനടക്കാർക്കും അപകടക്കെണിയാണ്. പാലത്തിലേക്ക് ചാഞ്ഞു കിടക്കുന്ന ഇഞ്ചപടർപ്പും യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്. മല്ലപ്പള്ളി സി.എംഎ.സ് പടി മുതൽ പുല്ലാട് വരെയുള്ള റോഡിന്റെ ഭാഗങ്ങൾ രണ്ടര വർഷങ്ങൾക്ക് മുൻപ് ഉന്നത നിലവാരത്തിൽ നിർമ്മിച്ചെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിച്ചിരുന്നില്ല.

സംരക്ഷണ ഭിത്തിതകർന്നിട്ട് ഒരുവർഷം

വെണ്ണിക്കുളം ജംഗ്ഷന് സമീപത്തെ വാലാങ്കര - അയിരൂർ റോഡിന്റെ തുടക്കത്തിലെ കലുങ്കിന്റെ സംരക്ഷണവേലിയും തകർന്നിട്ട് ഒരു വർഷത്തിലേറെയായി. സ്കൂൾ വിദ്യാർത്ഥികളടക്കം നിരവധി ദിനംപ്രതി ഇതു വഴി സഞ്ചരിക്കുന്നത്. ഇവിടെ മല്ലപ്പള്ളി ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ തോട്ടിൽ പതിക്കാനുള്ള സാദ്ധ്യത ഏറെയാണ്. വാലാങ്കര - അയിരൂർ റോഡ് സമീപകാലത്ത് ഉന്നത നിലവാരത്തിൽ ആദ്യഘട്ട നിർമ്മാണം നടത്തിയെങ്കിലും കലുങ്ക് നന്നാക്കിയിരുന്നില്ല. വെണ്ണിക്കുളം,പടുതോട് എന്നിവിടങ്ങളിലെ പാലത്തിന്റെ സംരക്ഷണഭിത്തികൾ നിർമ്മിച്ച് അപകടഭീതി ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

.............................

നിരവധി സ്കൂൾ, കോളേജ് വിദ്യാർത്ഥികളും, യാത്രക്കാരും സഞ്ചരിക്കുന്ന റോഡിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് ജനപ്രതിനിധികൾ ഇടപെടൽ നടത്തിയാൽ അധികൃതർ ഉറപ്പായും നടപടി സ്വീകരിക്കും.

മാധവൻ

(പടുതോട് നിവാസി)​

......................

1. തോടിന് 12 അടി താഴ്ച

2. കൊടും വളവും ട്രാൻസ്ഫോർമറും അപകട ഭീതി വർദ്ധിപ്പിക്കുന്നു

3. സ്വകാര്യബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന വഴി