pipe

അടൂർ : വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡിൽ കുഴിയായിട്ടും അധികൃതർക്ക് മൗനം. മണ്ണടി സർവീസ് കോഓപ്പറേറ്റിവ് ബാങ്കിന്റെ മുൻഭാഗത്തുനിന്ന് ചെട്ടിയാരഴികത്ത് കടവിലെ പാലം ഭാഗത്തേക്ക് തിരിയുന്നിടത്താണ് പൈപ്പ് പൊട്ടി വെള്ളം റോഡിൽ കൂടി ഒഴുകുന്നത്. രണ്ട് മാസത്തോളമായി ഇതാണ് സ്ഥിതി. ഒരുമീറ്റർ വ്യാസത്തിലാണ് കുഴി രൂപപ്പെട്ടത്.

പൈപ്പ് പൊട്ടിയ ഭാഗം മുതൽ താഴോട്ട് 10 മീറ്ററോളം ഭാഗം റോഡ് തകർന്നിട്ടുണ്ട്. അധികം വൈകാതെ വലിയ ഗർത്തമായി ഗതാഗതം തടസ്സപ്പെടാൻ സാദ്ധ്യതയുണ്ട്. അടുത്തിടെ വാട്ടർ അതോറിട്ടി അധികൃതർ പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. അറ്റകുറ്റപ്പണിക്ക് ശേഷം പിറ്റേന്നു മുതൽ വീണ്ടും പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങി. ഈ വെള്ളം ഒഴുകിയെത്തുന്നത് മണ്ണടി എനാത്ത് മിനി ഹൈവേയിലേക്കാണ്. ആ ഭാഗത്തും റോഡ് തകരാൻ സാദ്ധ്യതയുണ്ട്. ഈ പൈപ്പ് ഒരു വ്യക്തിയുടെ ആവശ്യത്തിനായി ഉള്ളതാണെന്നും അറ്റകുറ്റപ്പണികളുടെ തുക വ്യക്തി നൽകിയാലെ നടപടി സ്വീകരിക്കുവെന്നും വാട്ടർ അതോറിട്ടി അധികൃതർ പറഞ്ഞു.

--------------------

വാട്ടർ അതോറിട്ടിയിൽ രേഖാമൂലം പരാതി നൽകിയിട്ടും യാതൊരു ഫലവുമില്ല. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി പ്രശ്നം പരിഹരിക്കണം.

വിഷ്ണു. വി. ഐ

വാർഡ് മെമ്പർ, കടമ്പനാട് ഗ്രാമ പഞ്ചായത്ത്

-------------------

റോഡ് സഞ്ചാരയോഗ്യമല്ല. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടാൻ സാദ്ധ്യതയുണ്ട്. എത്രയും വേഗം പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി കുഴി അടയ്ക്കണം.

മണ്ണടി പുഷ്പാകരൻ

പൊതുപ്രവർത്തകൻ