പത്തനംതിട്ട: കണ്ണങ്കര - കല്ലറക്കടവ് റോഡിലൂടെ വാഹനത്തിൽ പോകുന്നത് സൂക്ഷിച്ചുവേണം. ഇല്ലെങ്കിൽ നടു ഒടിഞ്ഞേക്കാം. റോഡ് തുടങ്ങുന്ന ഭാഗംതന്നെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതുവഴി വാഹന ഗതാഗതം ദുസഹമായിരിക്കുകയാണ്. കണ്ണങ്കര- വലഞ്ചുഴി റോഡിൽ നിന്ന് കല്ലറക്കടവ് റോഡിലേക്ക് തിരിയുന്ന ഭാഗമാണ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത് . മഴ പെയ്താൽ ഓടയിൽ കൂടി വെള്ളം കുത്തിയൊഴുകുക കൂടി ചെയ്യുമ്പോൾ കാൽനട യാത്രയും ബുദ്ധിമുട്ടാണ്.
മൂന്ന് വർഷം മുമ്പ് ഇവിടം കോൺക്രീറ്റ് ചെയ്തിരുന്നെങ്കിലും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകരുകയായിരുന്നു. ഈ ഭാഗത്തിനടിയിൽ കൂടി വാട്ടർ അതോറിട്ടിയുടെ വലിയ പൈപ്പ് കടന്നുപോകുന്നതുകൊണ്ട് ഇവിടെ ഓട നിർമ്മിക്കാൻ കഴിയില്ല.
അത്യാധുനിക രീതിയിൽ കോൺക്രീറ്റ് ചെയ്താൽ മാത്രമേ റോഡിന്റെ തകർച്ചയ്ക്ക് പരിഹാരമാകു. നിരവധി തവണ പൊതുമരാമത്ത് അധികാരികൾക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
-----------------
റോഡ് എത്രയും വേഗം കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകിയിട്ടുണ്ട്. അടിയന്തര പരിഹാരം കാണുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
അഡ്വ. എ. സുരേഷ് കുമാർ
നഗരസഭ കൗൺസിലർ