photo

വള്ളിക്കോട് : വിദ്യാഭ്യാസ പുരോഗതിയിൽ കേരളം മുൻപന്തിയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ആധുനിക നിലവാരത്തിൽ 1.20 കോടി രൂപ ചെലവിൽ നിർമ്മിച്ച വള്ളിക്കോട് ഗവ.എൽ.പി സ്‌കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ വിദ്യാർത്ഥികൾക്ക് മികവ് പുലർത്താനും വലിയ സ്വപ്നം കാണാനും അവർക്ക് മുഴുവൻ കഴിവുകൾ നേടാനും ആവശ്യമായ വിഭവങ്ങൾ ഉണ്ടെന്ന് നമ്മൾ ഉറപ്പാക്കുന്നു. 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് എൽ.ഡി.എഫ് സർക്കാർ പൊതുവിദ്യാലയങ്ങളിൽ നടത്തിയത്. അത് ഇനിയും തുടരും. നമ്മുടെ കുഞ്ഞുങ്ങൾ വികസിത രാജ്യങ്ങളിലെ കുട്ടികളെപോലെ വിദ്യാഭ്യാസം നേടേണ്ടതുണ്ട്. ഇക്കാര്യത്തിൽ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം കൂടുതൽ മുന്നോട്ടു പോയെന്നും മന്ത്രി പറഞ്ഞു. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നരാജൻ, കെ.ആർ. പ്രമോദ് കുമാർ, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബി.ആർ.അനില , സംഘാടകസമിതി ചെയർമാനും എസ്.എം.സി ചെയർമാനുമായ സംഗേഷ് ജി.നായർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് സൂസൻ കുര്യൻ , പൊതുമരാമത്ത് ബിൽഡിംഗ്‌സ് വിഭാഗം അസി.എക്‌സിക്യുട്ടീവ് എൻജിനിയർ ടി.കെ.ഷിബു ജാൻ എന്നിവർ പ്രസംഗിച്ചു.