palliyodam

ആറൻമുള : ഭഗവത് സാന്നിദ്ധ്യം കുടികൊള്ളുന്ന പള്ളിയോടത്തിൽ, ഭക്തിയുടെ തുഴയെറിഞ്ഞ് കരപ്രമുഖരെത്തിയതോടെ ആറൻമുള വീണ്ടുമൊരു വള്ളസദ്യ കാലത്തിന് ഇലയിട്ടു. ക്ഷേത്രത്തിന്റെ വടക്കേഗോപുരനടയുടെ പടിക്കെട്ടുകളിറങ്ങി വഴിപാടുകാർ വെറ്റപോയ്ല നൽകി കരക്കാരെ ആചാരപരമായി വരവേറ്റു. മുത്തുക്കുടകളുടെയും വാദ്യാഘോഷങ്ങളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും അകമ്പടിയിൽ ക്ഷേത്ര പ്രദക്ഷിണം പൂർത്തിയാക്കിയ കരക്കാരെ സദ്യാലയത്തിലേക്ക് ആനയിച്ചു. വഞ്ചിപ്പാട്ടിന്റെ ഈണത്തിൽ ഭഗവാനെ സ്തുതിച്ചതോടെ തൂശനിലയിൽ ഭക്തിയിൽ ചാലിച്ച വിഭവങ്ങൾ വിളമ്പി. ഇതോടെ പാർത്ഥസാരഥിയുടെ തട്ടകത്തിൽ വഴിപാട് വള്ളസദ്യക്ക് തുടക്കമായി. ഭഗവത് നേദ്യമായ വഴുതനങ്ങാ മെഴുക്കുപുരട്ടിയും അമ്പലപ്പുഴ പാൽപ്പായസവും ചേനപ്പാടിയിലെ പാളത്തൈരും തുടങ്ങി വിവിധതരം പായസങ്ങളും കറികളും ഇലയിലുണ്ടെങ്കിലും കരക്കാർ പാടിച്ചോദിക്കുന്ന വിഭവങ്ങൾ നൽകണമെന്ന ആചാരവും മുറതെറ്റാതെ നടന്നു. ഇത്തരത്തിൽ ക്ഷേത്ര തീർത്ഥവും പ്രസാദവും തേനും മടന്തിയില തോരനും എല്ലാം ഇലകളിൽ നിറഞ്ഞു. വഴിപാടുകാർ നടത്തുന്ന സദ്യയിൽ ഭഗവത് സാന്നിദ്ധ്യം ഉണ്ടാകുമെന്നാണ് വിശ്വാസം. വിഭവസമൃദ്ധമായ സദ്യയ്ക്കുശേഷം വഞ്ചിപ്പാട്ടിലൂടെ വഴിപാടുകാരനെ അനുഗ്രഹിച്ച് വീണ്ടും ക്ഷേത്രത്തിന് വലംവച്ച് കിഴക്കേ ഗോപുര നടയിൽ നിറച്ചുവച്ചിരുന്ന പറ തളിച്ചശേഷം വടക്കേ ഗോപുരനട ഇറങ്ങി പള്ളിയോടത്തിൽ കരക്കാർ മടങ്ങി. കടവിലെത്തി ആചാരപരമായി യാത്രയാക്കിശേഷം വഴിപാടുകാരും മടങ്ങി.

വള്ളസദ്യ കഴിക്കാം

ദിവസവും 10 മുതൽ 15 വരെ വള്ളസദ്യകൾ നടക്കുന്നുണ്ട്. ഇതുവരെ 400 വള്ളസദ്യകൾ ബുക്കിംഗ് ആയതായി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ പറഞ്ഞു. വള്ളസദ്യ കഴിക്കണമെന്ന് ആഗ്രഹിക്കുന്ന പൊതു ജനങ്ങൾക്ക് അതിനുള്ള അവസരം പള്ളിയോട സേവാസംഘം ഒരുക്കിയിട്ടുണ്ട്. 250 രൂപയാണ് ഒരു വള്ളസദ്യയ്ക്ക് നൽകേണ്ടത്. ബുക്കിംഗിന് ഫോൺ : 8281113010.