ഇലവുംതിട്ട : മെഴുവേലി വില്ലേജ് ഓഫീസിനെതിരെ ഉയർന്ന പരാതികളിൽ വിജിലൻസ് വിവരശേഖരണം ആരംഭിച്ചതായി സൂചന. വിജിലൻസ് ഉദ്യോഗസ്ഥർ പരാതിക്കാരെ ഫോണിൽ വിളിച്ചും നേരിൽ കണ്ടുമാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചത്. സർട്ടിഫിക്കറ്റ് നൽകാതിരുന്നത് സംബന്ധിച്ച് പറമന്നം പ്രദേശത്തു നിന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. . വസ്തുക്കൾ അറ്റാച്ച് ചെയ്തതിലെ ക്രമക്കേടുകളും ബാങ്ക് വായ്പകൾക്ക് വേണ്ടി നിയമ വിരുദ്ധമായി നോൺ അറ്റാച്ച്‌മെന്റ് സർട്ടിഫിക്കറ്റുകൾ, കൈവശ രേഖകൾ എന്നിവ നൽകിയതും അളവിൽ കൂടുതൽ മണ്ണെടുത്തത് അളന്ന് നോക്കാതിരുന്നതുമായ ആരോപണങ്ങളിലും പരിശോധന നടക്കും. തിരുവന്തപുരം വിജിലൻസ് ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണം . പൊതുജനങ്ങളോടുള്ള മോശം പെരുമാറ്റം അവസാനിപ്പിക്കണമെന്നും ഭൂമാഫിയകളുടെ നിയന്ത്രണത്തിൽ നിന്നും വില്ലേജ് ഒാഫീസിനെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പോസ്റ്റർ പ്രചരണം നടത്തിയിരുന്നു.