അടൂർ : ഒരു കാലത്ത് കടമ്പനാട്ട് എതിരാളികൾ പോലും ഒരേ മനസോടെ അംഗീകരിച്ച ജനപ്രതിനിധിയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ തുവയൂർ മാഞ്ഞാലി മേലൂട്ട് ആർ.ജി.ഭവനിൽ ജി.നരേന്ദ്രൻ. അതുകൊണ്ടാണ് 1963-ൽ കടമ്പനാട് ഗ്രാമപഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തതിൽ ഒരു വോട്ട് ഒഴിച്ച് ബാക്കിയെല്ലാം നരേന്ദ്രൻ നേടിയത്. നരേന്ദ്രൻ മത്സരിച്ച അഞ്ചാം വാർഡ് ദ്വയാംഗ മണ്ഡലമായിരുന്നു. അതിനാൽ രണ്ട് പ്രതിനിധികൾ തിരഞ്ഞെടുക്കപ്പെടണം. അഞ്ച് സ്ഥാനാർത്ഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. പക്ഷെ മത്സരഫലം വന്നപ്പോൾ പോൾ ചെയ്ത 1502 വോട്ടിൽ 1501 വോട്ടും നരേന്ദ്രനെ തേടിയെത്തി. എതിരാളികളുടെ വീട്ടുകാരുടെ വോട്ടു പോലും ലഭിച്ചത് നരേന്ദ്രനായിരുന്നു. പിന്നീട് 32 വർഷം ഗ്രാമപഞ്ചായത്തംഗമായി പ്രവർത്തിച്ചു. ഇതിനിടയിൽ പഞ്ചായത്ത് പ്രസിഡന്റ് ,വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രർത്തിച്ചു. 1995 വരെ ജനപ്രതിനിധിയായി തുടർന്നു. ദീർഘകാലം തുവയൂർ തെക്ക് 691-ാം നമ്പർ എൻ.എസ്.എസ്.കരയോഗത്തിന്റെ പ്രസിഡന്റ് ,കോൺഗ്രസ് കടമ്പനാട് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. പിതാവ് പേരുകേട്ട പൊലീസ് ഓഫീസറായിരുന്ന പി.കെ. ഗോപാലപിള്ളയായിരുന്നു. ജോലിയിലെ സത്യസന്ധ്യത കാരണം നാട്ടുകാർ സത്യവാൻ ഗോപാലപിള്ളയെന്നായിരുന്നു വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്മരണാർത്ഥം മാഞ്ഞാലിയിൽ സത്യവാൻ ഗ്രന്ഥശാല പ്രവർത്തിക്കുന്നുണ്ട്. സിനിമാ നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ അമ്മാവനാണ് ജി.നരേന്ദ്രൻ.