anaganvadi
വെള്ളക്കെട്ടും ദുർഗന്ധവുമായ അംഗനവാടി

ഏഴംകുളം : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഏഴംകുളം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പോളിംഗ് ബൂത്തായി ഉപയോഗിക്കുന്ന ചാമക്കാല പ്രദേശത്തെ അങ്കണവാടിക്ക് സമീപം വെള്ളക്കെട്ട് പതിവാകുന്നു. രൂക്ഷമായ ദുർഗന്ധം പ്രദേശത്ത് ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിട്ടുണ്ട്. ഈ പ്രദേശത്തെ പുരയിടങ്ങളിൽ നീരുറവകൾ ധാരാളം ഉള്ളതിനാൽ മഴവെള്ളത്തിനൊപ്പം അങ്കണവാടിക്ക് മുൻപിലെ റോഡിൽ വെള്ളം ഒഴുകിയെത്തുന്നുണ്ട് .എന്നാൽ ഇവിടെ നിർമ്മിച്ചിരിക്കുന്ന റോഡ് അശാസ്ത്രീയമായി നിർമ്മിച്ചതിനാലാണ് ഇത്തരത്തിൽ തുടർച്ചയായി വെള്ളക്കെട്ട് രൂപപ്പെടുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അങ്കണവാടിക്ക് സമീപം റബർ തോട്ടം ഉള്ളതിനാൽ റബർ ഇലകൾ വലിയ തോതിൽ പൊഴിഞ്ഞ് വീണ് ഇവിടെ വൃത്തിഹീനമാണ്. മലിനജലം കെട്ടിക്കിടക്കുന്നത് മൂലം കൊതുകുകളും പെരുകുന്നുണ്ട്. ദുർഗന്ധം കാരണം മൂക്കുപൊത്തിയാണ് പ്രദേശവാസികൾ ഇതുവഴി പോകുന്നത്. തുടർച്ചയായി മഴ പെയ്യുമ്പോൾ ഇവിടെ വെള്ളം കെട്ടി നിന്ന് നടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. 30ന് വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പോളിംഗ് ബൂത്തുകളിലൊന്നായിട്ടും ഈ അങ്കണവാടി പ്രദേശത്ത് തിരിഞ്ഞു നോക്കാൻ പഞ്ചായത്ത് അധികാരികൾ തയാറാകുന്നില്ലെന്ന ആരോപണം ശക്തമാണ് . അധികൃതർ ഇടപെട്ട് അടിയന്തരമായി ഈ പ്രദേശത്ത് പ്രശ്‌ന പരിഹാരം കാണെണമെന്ന് ബി.ജെ.പി നാലാം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.