മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ 2020-21 കാലയളവിൽ 1,52, 117 രൂപയും, 2021 -22 കാലയളവിൽ 3,01,000 രൂപയും ചിലവഴിച്ച് 14 വാർഡുകളിലായി ഏഴ് വീതം മിനി എം.സി എഫുകൾ സ്ഥാപിക്കുകയും വീണ്ടും 2023-24 കാലയളവിൽ 6,28, 796 രൂപ മുടക്കി വീണ്ടും 14 മിനി എം.സിഎഫുകൾ സ്ഥാപിച്ച് 28 എണ്ണമാക്കിയത് എന്തിനെന്ന് നാട്ടുകാരുടെ ആക്ഷേപം. പഞ്ചായത്തിൽ ഹരിത സേനാംഗങ്ങൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ജൈവ, അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുമെന്നാണ് പറഞ്ഞിരുന്നത്. പിന്നീട് പഞ്ചായത്തിന്റെ വാഹനത്തിൽ തെള്ളിയൂരിലെ പഞ്ചായത്ത് ഓഫീസിന് സമീപത്തെ എം.സി.എഫിൽ എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ ഒന്നിന് പുറകെ ഒന്നായി എം.സിഎഫുകളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ മാലിന്യങ്ങൾ ചാക്കിനുള്ളിൽ എം.സി. എഫിന്റെ പുറത്തായി മാലിന്യങ്ങൾ കുന്നു കൂടുന്നതാണ് രീതി. എഴുമറ്റൂർ പോസ്റ്റോഫീസ് കവലയിലും, വായനശാല കവലയിലും ഇവ കാഴ്ചവസ്തുക്കളാണെങ്കിൽ കിളിയൻ കാവിന് സമീപം ശേഖരണ കേന്ദ്രം മാലിന്യം കൊണ്ട് നിറഞ്ഞതോടെ സമീപത്തെ ജലവിതരണ പമ്പ് ഹൗസ് തന്നെ മാലിന്യ ശേഖരണ കേന്ദ്രമായിരിക്കുകയാണ്.
ഹരിത കർമ്മസേനയുടെ പ്രവർത്തനം പേരിന് മാത്രം
പഞ്ചായത്തിലെ ചില വാർഡുകളിൽ പേരിന് മാത്രമാണ് ഹരിത കർമ്മസേനയുടെ പ്രവർത്തനം നടക്കുന്നതെന്ന ആക്ഷേപം ശക്തം. പാഴ് വസ്തു, അജൈവ മാലിന്യ ശേഖരണ കലണ്ടർ പ്രകാരം, ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിൽ പഴയ ചെരുപ്പ്, ബാഗ്, തെർമോക്കോൾ എന്നിവയും ഫെബ്രുവരി, മേയ്, ഓഗസ്റ്റ്, നവംബർ മാസങ്ങളിൽ കണ്ണാടി, കുപ്പി, ചില്ല് എന്നിവയും, മാർച്ച്, ജൂൺ, സെപ്റ്റംബർ ഡിസംബർ മാസങ്ങളിൽ ട്യൂബ് ലൈറ്റ്,സി.എഫ്.എൽ.പി.ജി ബാറ്ററി ഉൾപ്പെടെയുള്ള ഇ - മാലിന്യവും, മരുന്ന് സ്ട്രിപ്പുകളുമാണ് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കേണ്ടത്.
..............................................
പ്രദേശത്ത് കൂടുതലായും ന്യൂസ് പേപ്പർ, പാൽകവർ, കടകളിൽ നിന്നു ലഭിക്കുന്ന പാക്കേജിംഗ് കവറുകൾ, ട്യൂത്ത് പേസ്റ്റ്, ബ്രഷ് എന്നിവയുടെ കവറുകളൾ, കുപ്പികൾ എന്നിവ കഴുകി വൃത്തിയാക്കി ഉണക്കിയത് മാത്രമാണ് ഹരിത കർമ്മസേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്നത്.
(നാട്ടുകാർ )
.....................................................................
ഹരിത കർമ്മസേനയുടെ ഫീസ്
വീടുകളിൽ - 50
വ്യാപാര സ്ഥാപനങ്ങൾ അങ്കണവാടികൾ -100
.............................
2020-21 സ്ഥാപിച്ചത് 7മിനി എം.സി എഫുകൾ
2023-24 ൽ സ്ഥാപിച്ചത് 14