പ്രമാടം : പട്ടാപ്പകലും കാട്ടുപന്നികൾ നാട്ടിലിറങ്ങിയതോടെ പ്രമാടത്തുകാർ ഭീതിയിലായി. പ്രമാടം കൃഷിഭവന് എതിർവശമുള്ള റബർ തോട്ടിൽ ഒറ്റയാൻ പന്നി താവളം ഉറപ്പിച്ചിട്ട് രണ്ട് ദിവസമായി. നാട്ടുകാരെ ആക്രമിക്കാൻ ഇത് ശ്രമിക്കുന്നുമുണ്ട്. പന്നിയെ പേടിച്ച് പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ പറമ്പുകളിൽ മേയാനും വിടുന്നില്ല.
പ്രമാടം സ്കൂൾ ജംഗ്ഷന് സമീപം, മറൂർ കുളപ്പാറ ഭാഗം, മൃഗാശുപത്രി ഭാഗം, പനിയ്ക്കക്കുഴി ഭാഗം, അമ്പലഭാഗം, ളാക്കൂർ, വി.കോട്ടയം, പൂങ്കാവ്, മണലാടി ഭാഗം, പൂവക്കാട്, തെങ്ങുംകാവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം പകൽ സമയങ്ങളിലും ഇപ്പോൾ കാട്ടുപന്നികളുണ്ട്. തേറ്റയുള്ള ഒറ്റയാനും കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കൂട്ടവുമാണ് ഇതിൽ കൂടുതലും. നേരത്തെ രാത്രിയിൽ മാത്രമായിരുന്നു കാട്ടുപന്നി ശല്യം . നാട്ടിൽ ഭീതി ഉണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തിന് അധികാരം നൽകിയിട്ടുണ്ടെങ്കിലും ഇവിടെ നടപടികൾ പ്രഹസനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റബർതോട്ടങ്ങളിലെ അടിക്കാട് തെളിക്കുന്നതിനും തരിശ് പറമ്പുകളിലെ കാട് തെളിക്കുന്നതിനും ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.