road
കുറ്റൂർ പഞ്ചായത്ത് 14 -)വാർഡിലെ എട്ടുകടവ് - കോഴാപുഞ്ച റോഡ്

തിരുവല്ല : എട്ടുകടവ് - കോഴാപുഞ്ച റോഡിലൂടെ നടന്നുപോകാൻ പോലും ഇടമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നു. പലയിടത്തും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വാഹന യാത്രക്കാർക്കും റോഡിലൂടെ പോകുന്നത് ദുരിതമായിരിക്കുകയാണ്. കുറ്റൂർ പഞ്ചായത്തിലെ 14 -ാം വാർഡിലൂടെ കടന്നുപോകുന്ന വഴിയാണിത്. 15 വർഷങ്ങൾക്ക് മുമ്പാണ് റോഡ് ടാറിംഗ് നടത്തിയത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല. ടാറിംഗ് പൊളിഞ്ഞു റോഡിൽ മുഴുവൻ ഇപ്പോൾ കുഴികൾ രൂപപ്പെട്ട് തകർച്ച പൂർണ്ണമായിരിക്കുകയാണ്. റോഡിന്റെ ഒരു കിലോമീറ്റർ ദൂരത്തിൽ യാത്ര ചെയ്യാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടുകയാണ്. റോഡരുകിലായി അമ്പതോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. മഴക്കാലത്ത് ചെളിവെള്ളം നിറഞ്ഞുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര അതിദുഷ്ക്കരമാണ്. ജനപ്രതിനിധികളോട് പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. റോഡിന്റെ അറ്റകുറ്റപ്പണി ഉടനെ നടത്തുമെന്ന് വാർഡ് മെമ്പർ ഉൾപ്പടെയുള്ളവർ ഉറപ്പ്‌ നൽകാൻ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും പണികൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തതയില്ല.