thodu

പന്തളം : മഴ ശക്തമായാൽ കുരമ്പാല വലിയതോടിന്റെ ഇരുകരയിലും താമസിക്കുന്ന കുടുംബംഗങ്ങളുടെ ഉറക്കം നഷ്ടമാകും. തോട്ടിൽ വെള്ളം ഉയർന്ന് ഒഴുക്ക് ശക്തമായാൽ വെള്ളപ്പൊക്ക ഭീഷണിയാകും. ഏതു നിമിഷവും തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറാം. സമീപത്തെ റോഡ് മുങ്ങും. പ്രദേശം ഒറ്റപ്പെടും. ഇവിടെ മുപ്പതിലധികം കുടുംബങ്ങളാണ് തോടിനെ ഭയന്ന് കഴിയുന്നത്. വേനൽമഴയിലും വർഷകാലത്തും തോട് കരകവിഞ്ഞതിനാൽ പ്രദേശവാസികൾ താമസം മാറുകയായിരുന്നു. പന്നിവിഴ, പറന്തൽ, കരിങ്ങാലി പാടത്തിലൂടെ അച്ചൻകോവിലാറ്റിലേക്കു ഒഴുകുന്ന തോടാണ് നാടിനാകെ ഭീഷണിയാകുന്നത്. ഒരു രാത്രി മഴ തുടർന്നാൽ കുരമ്പാല തോട്ടുകരഭാഗത്ത് വെള്ളം കയറുന്ന അവസ്ഥയാണിപ്പോൾ. മുമ്പ് മഴയിൽ ബണ്ട് കവിഞ്ഞ് തോട്ടുകര ഭാഗത്ത് വെള്ളം കയറി. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നീർനാമുക്ക് നിവാസികളാണ് ഭീഷണിയിലായത്.

ആഴംകൂട്ടി പരിഹാരം

വെള്ളപ്പൊക്കത്തിൽ നിന്ന് പറന്തൽ പാലം മുതൽ താഴെതോട്ടുകര പാലം വരെയുള്ള ഭാഗത്തെ താമസക്കാരായ കുടുംബങ്ങളെ രക്ഷിക്കാൻ തോടിന്റെ ആഴം കൂട്ടുകയാണ് പ്രധാന പോംവഴി. ഒപ്പം കൈയേറ്റ ഭീഷണി നേരിടുന്നതീരം സംരക്ഷണഭിത്തികെട്ടി ബലപ്പെടുത്തുകയും വേണം. കരയ്ക്ക് കയറുന്ന വെള്ളം ഒഴുക്കി വിടാൻ മാർഗമില്ലാത്തതും പ്രശ്‌നമാണ്. തോട്ടിലെയും പാടത്തെയും വെള്ളം വറ്റിയാലും വീടും പരിസരവും ദിവസങ്ങളോളം വെള്ളക്കെട്ടിലായിരിക്കും. വീടിനോട് ചേർന്നുള്ള കൃഷിയും മുങ്ങി നശിക്കും. തോട്ടിലെ ഷട്ടറുകൾ, സംരക്ഷണ ഭിത്തികൾ എന്നിവയുടെ നവീകരണവും ആവശ്യമാണ്.

വേണം നടപ്പാലം

വെള്ളപ്പൊക്ക സമയത്ത് പ്രദേശവാസികൾക്ക് മറുകരയിലെത്തണമെങ്കിൽ തോട്ടുകര പാലം വഴി ചുറ്റി സഞ്ചരിക്കണം. ഇവിടെ ഒരു നടപ്പാലം പണിതാൽ യാത്രാ പ്രശ്നത്തിന് പരിഹാരമാകും.

കാർഷിക മേഖലയ്ക്കും തിരിച്ചടി

കാർഷിക മേഖലയിൽ വളരെ പ്രാധാന്യമാണ് വലിയതോടിനുള്ളത്. പന്തളം മന്നം ഷുഗർ മിൽസ് പ്രവർത്തിച്ചിരുന്ന കാലത്ത് പറന്തൽ, കുരമ്പാല ഭാഗത്ത് കൃഷിചെയ്തിരുന്ന കരിമ്പ് വെട്ടി വള്ളത്തിലാണ് തോട്ടിലൂടെ മില്ലിലെത്തിച്ചിരുന്നത്. പച്ചക്കറി കർഷകർ ഏറെയുള്ള മേഖലയിലെ വെള്ളപ്പൊക്കം കാർഷിക മേഖലയ്ക്കും തിരിച്ചടിയാണ്.

വെള്ളപ്പൊക്കമുള്ള സ്ഥലങ്ങൾ കാണാനായി ജനപ്രതിനിധികളും പരിഹാരം നിർദേശിച്ച് ജലസേചനവകുപ്പും എത്തുന്നുണ്ടെങ്കിലും ഇവിടെ ഒരു പദ്ധതിയും നടപ്പാക്കുന്നില്ല.

പ്രദേശവാസികൾ