filim

കൊടുമൺ : "കേരള ഫയർ ഫോഴ്സിനും ഇവിടുത്തെ നാട്ടുകാർക്കും മണവാളൻ ആൻഡ് സൺസിന്റെ പേരിലും എന്റെ വ്യക്തിപരമായ പേരിലും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു..." എന്ന സലീംകുമാറിന്റെ പ്രശസ്തമായ സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കുന്ന സംഭവത്തിനാണ് കഴിഞ്ഞ രാത്രി കൊടുമൺ സാക്ഷ്യംവഹിച്ചത്.

കൊടുമൺ ചിരണിക്കൽ പ്ലാന്തോട്ടത്തിൽ ജോസ് (41) കിണറ്റിൽ ചാടിയെന്ന വീട്ടുകാരുടെ സന്ദേശത്തെ തുടർന്ന് ഞായറാഴ്ച രാത്രി അടൂരിൽ നിന്ന് അഗ്‌നി രക്ഷാസേന എത്തി. 80 അടിയോളം താഴ്ചയുള്ള കിണറ്റിൽ പാതാളക്കരണ്ടി ഉപയോഗിച്ച് ആദ്യം പരിശോധന. ഫലം കാണാതെ നാട്ടുകാരായ രണ്ടുപേരോടൊപ്പം കിണറ്റിൽ മുങ്ങി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ. മൂന്നു മണിക്കൂറോളം നീണ്ട തെരച്ചിൽ, ആളെ കണ്ടെത്താനായില്ല. ജോസ് എവിടെയെന്ന ചോദ്യം അവശേഷിപ്പിച്ച് ഫയർഫോഴ്സ് മടങ്ങി. നേരം പുലർന്നപ്പോൾ ആശങ്കകൾക്ക് വിരാമമിട്ട് ജോസിനെ കണ്ടെത്തി. സമീപത്തെ ആൾ താമസമില്ലാത്ത വീടിന്റെ തിണ്ണയിൽ സുഖനിദ്രയിലായിരുന്നു ഇയാൾ.

വീട്ടുകാരെ പേടിപ്പിക്കാൻ...

രാത്രി 10 മണിയോടെ വീട്ടിൽ വഴക്ക് നടന്നു. 11 മണിയോടെ വീട്ടിൽ നിന്ന് ജോസ് പുറത്തിറങ്ങി. തുടർന്ന് കിണറ്റിൽ എന്തോ വീഴുന്ന വലിയ ശബ്ദം കേട്ടു. ആളെ കാണാതായതിനെ തുടർന്ന് കിണറ്റിൽ ചാടിയെന്ന് സംശയിച്ച് അഗ്നിരക്ഷാസേനയെ വിളിക്കുകയായിരുന്നു വീട്ടുകാർ.

തിങ്കളാഴ്ച രാവിലെ വീണ്ടും തിരഞ്ഞപ്പോൾ തൊട്ടടുത്ത ആൾ താമസമില്ലാത്ത വീടിന്റെ തിണ്ണയിൽ കിടന്നുറങ്ങുന്ന ജോസിനെയാണ് കാണുന്നത്. രാത്രി വീടിന് പുറത്തിറങ്ങിയപ്പോൾ കിണറ്റിൽ ചാടിയെന്ന് ധരിപ്പിക്കാൻ വലിയ കല്ല് കിണറ്റിൽ ഇട്ടശേഷം സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ ജോസ് കിടന്നുറങ്ങുകയായിരുന്നു. അടൂർ സ്റ്റേഷനിൽ നിന്ന് സീനിയർ റെസ്‌ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ ഓഫീസർമാരായ ഷിബു ,ശ്രീജിത്ത്, സുജിത്ത്, ദീപേഷ്, റെജി, വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ. പാതിരാത്രി മുങ്ങിത്തപ്പി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്ക് നാട്ടുകാർ നന്ദി അറിയിച്ചു.