criminal

മല്ലപ്പള്ളി : സ്ത്രീ പീഡനം, ഭവനഭേദനം, ലഹരി വിൽപ്പന, മോഷണം, കൊലപാതകശ്രമം തുടങ്ങിയ കേസുകളിലെ പ്രതി അറസ്റ്റിൽ. കല്ലൂപ്പാറ കടമാൻ കുളം ചാമക്കാലായിൽ വീട്ടിൽ ബസിലേൽ സി. മാത്യു (പ്രവീൺ - 35) വിനെയാണ് കീഴ് വായ്പൂര് പൊലീസ് അറസ്റ്റുചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് പൊലീസ് സംഘം വീട് വളഞ്ഞെങ്കിലും സ്ത്രീകൾ ബഹളം ഉണ്ടാക്കിയതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. പിന്നാലെ ഓടിയ പൊലീസ് സംഘം പിടിക്കുകയായിരുന്നു. തിരുവല്ല, കീഴ് വായ്പൂര് , വെച്ചൂച്ചിറ , ചങ്ങനാശേരി എന്നീ സ്റ്റേഷനുകളിൽ പത്തിലതികം ക്രിമിനൽ കേസിലെ പ്രതിയാണ് ബസിലേൽ. ഒരു വർഷം മുമ്പ് കാപ്പ ചുമത്തിയതിനെ തുടർന്ന് ഒളിവിലായിരുന്നു. എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ്, എസ്.ഐമാരായ സതീഷ് ശേഖർ, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.