elephant-
കടവുപുഴയിൽ കല്ലാറിന്‍റെ തീരത്ത് നിലയുറപ്പിച്ചിരിക്കുന്ന ഒറ്റയാൻ

കോന്നി: മലയാലപ്പുഴ പഞ്ചായത്തിലെ കടവുപുഴയിൽ കാട്ടാനശല്യം വർദ്ധിക്കുന്നു. ഏഴോളം വരുന്ന കാട്ടാനക്കൂട്ടം രാത്രിയും പകലും കല്ലാറിന്റെ ഇരുകരകളിലും ഭീതി വിതയ്ക്കുകയാണ്. കടവുപുഴയിൽ കല്ലാറിന്റെ ഒരു കര റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ വനപ്രദേശവും മറുകര ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർ തോട്ടവുമാണ്. കല്ലാറിന്റെ ഇരുകരകളിലും ജനവാസമേഖലയുമുണ്ട്. മക്കുവള്ളി, കടവുപുഴ, ചേറുവാള, അരിക്കട, കുറുമ്പറ്റി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ആന എത്തുന്നുണ്ട്. കുറുമ്പറ്റിയിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളാണുള്ളത്. ലയങ്ങൾക്ക് സമീപംവരെ കാട്ടാനകൾ എത്തിയതോടെ തോട്ടം തൊഴിലാളികളും ഭയപ്പാടിലാണ്. പുലർച്ചെ റബർ തോട്ടങ്ങളിൽ ടാപ്പിങ്ങിന് പോകുന്ന തോട്ടം തൊഴിലാളികൾക്ക് കാട്ടാനശല്യം മൂലം ജോലി ചെയ്യാൻ കഴിയുന്നില്ല. കാട്ടാനകൾ മണിക്കൂറുകളോളം കല്ലാറ്റിൽ കുളിച്ചശേഷമാണ് തിരികെ മടങ്ങുന്നതെന്ന് മലയാലപ്പുഴ സ്വദേശിയായ വിധിനുണ്ണി പറഞ്ഞു. പുതുതായി പ്ലാന്റ് ചെയ്ത റബർ തോട്ടങ്ങളിൽ ഇടവിളയായി കൈതച്ചക്ക കൃഷി ചെയ്യുന്നുണ്ട്. പഴുത്ത കൈതച്ചക്ക തേടിയാണ് റബർ തോട്ടത്തിൽ കൂടുതലായി കാട്ടാന എത്തുന്നത്. മലയാലപ്പുഴ ശുദ്ധജലവിതരണ പദ്ധതിയുടെ കടവ് പുഴയിലെ പമ്പ് ഹൗസിന് സമീപം വരെയും കാട്ടാനകൾ എത്താറുണ്ട്. . പുല്ലുകൾ നിറഞ്ഞ പ്രദേശമായതിനാൽ കൂട്ടമായി നിന്നാണ് കാട്ടാനകൾ മേയുന്നത് ജനവാസ മേഖലകളിലെ കാർഷിക വിളകൾ കാട്ടാനകൾ നശിപ്പിച്ചു. നിരവധി തെങ്ങുകളും കമുകുകളുമാണ് ആനകൾ പിഴുതിട്ടിരിക്കുന്നത്. . കാട്ടാനകൾ കല്ലാറ്റിലെത്തി കുളിക്കുന്നത് കാണാൻ ആളുകളും എത്തുന്നുണ്ട്.

.