മല്ലപ്പള്ളി: എഴുമറ്റൂർ സ്നേഹാ ഗ്യാസ് ഏജൻസി ഗോഡൗണിലേക്ക് ലോഡുമായിവന്ന നാഷണൽ പെർമിറ്റ് ലോറി അപകടത്തിൽപ്പെട്ടു. പുറ്റത്താനി - കിളിയൻ കാവ് റോഡിൽ ഇന്നലെ വെളുപ്പിന് 4 നായിരുന്നു അപകടം. ഗോഡൗണിലേക്ക് പ്രവേശിക്കുന്നതിനായി സമീപത്തെ റോഡിലേക്ക് വാഹനം തിരിക്കുന്നതിനിടയിൽ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. കുത്തിറക്കത്തിൽ ഡ്രൈവർ അനിൽ മനസാന്നിദ്ധ്യം കൈവിടാതെ 11 കെവി വൈദ്യുതി തൂണിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കൈയ്യാലക്കെട്ടിലേക്ക് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ഗ്യാസ് സിലണ്ടറിന് ലീക്ക് ഉണ്ടാകാഞ്ഞതും, വൈദ്യുതി കമ്പികൾ വാഹനത്തിന് മുകളിൽ പതിക്കാഞ്ഞതും വലിയ ദുരന്തം ഒഴിവാക്കിയതായി പ്രദേശവാസികളും പറഞ്ഞു.