റാന്നി: റാന്നി ഗവ ഐ..ടിഐ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഉതിമൂട്ടിൽ പി.ഐ.പി വിട്ടുനൽകിയ 0.74 ഹെക്ടർ സ്ഥലത്താണ് കെട്ടിടം . റാന്നി പെരുമ്പുഴ ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിലാണ് വർഷങ്ങളായി ഐ.ടി.ഐ പ്രവർത്തിക്കുന്നത്.
രാജു എബ്രഹാം എം.എൽ.എ ആയിരിക്കുമ്പോഴാണ് റാന്നിക്ക് ഐ.ടി.ഐ അനുവദിച്ചതും പുതിയ കെട്ടിടത്തിന് 5.04 കോടി രൂപ അനുവദിച്ചതും . അന്ന് നിർമ്മാണം ആരംഭിക്കാൻ ടെൻഡർ കഴിഞ്ഞിരുന്നെങ്കിലും കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് പാറ കണ്ടതിനെ തുടർന്ന് ഡിസൈനിൽ മാറ്റം വരുത്തേണ്ടിവന്നു. ഇതാണ് നിർമ്മാണം അനിശ്ചിതമായി നീണ്ടുപോകാൻ കാരണം. ആദ്യം നാല് നിലകളുള്ള കെട്ടിടമായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ ചരിഞ്ഞ സ്ഥലത്ത് സംരക്ഷണഭിത്തി നിർമ്മാണം കൂടുതൽ വേണ്ടിവരും എന്ന കാരണത്താൽ ഇപ്പോൾ രണ്ട് നിലകളിലായാണ് കെട്ടിടം നിർമ്മിക്കുന്നത്. അഡ്വ പ്രമോദ് നാരായൺ എം.എൽ.എ സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം എൻജിനീയർ പി .ബി.പ്രസി, അസി.എൻജിനീയർ ശ്രീജിത്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.