മല്ലപ്പള്ളി: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മല്ലപ്പള്ളി കീഴ് വായ്പൂര് സ്വദേശി സിബിൻ.ടി. ഏബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ.മാത്യു.ടി.തോമസ് എം.എൽ.എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തെതന്നെ കുടുംബത്തിന് നൽകിയിരുന്നു. നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോൾ മാത്യുവിന് എം.എൽ.എ നൽകിയത്. പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. മല്ലപ്പള്ളി തഹസിൽദാർ റ്റി. ബിനുരാജ്, കെ.ജി.ബിനു, ജെസിമോൾ ജേക്കബ്, ഷിബു തോമസ്, സുരേഷ് കുമാർ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.